ആലുവ: വീട്ടിലെ വിശ്വസ്തനായി നിന്ന് വീട്ടുടമ വിവാഹാവശ്യത്തിനുവേണ്ടി സമാഹരിച്ച 3.75 ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ വീട്ടുജോലിക്കാരനെ ബിനാനിപുരം എസ്ഐ സ്റ്റെപ്പോ ജോണിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നും പിടികൂടി. ദിണ്ഡിഗൽ സ്വദേശി ശങ്കരൻ എന്നു വിളിക്കുന്ന പൊന്നു സ്വാമിയെ(45)യാണ് പിടികൂടിയത്.
ആലുവയ്ക്കടുത്ത് കിഴക്കേ കടുങ്ങല്ലൂരിൽ ബാലകൃഷ്ണപ്പിള്ളയെന്നയാൾ കൊച്ചുമകളുടെ വിവാഹത്തിനുവേണ്ടി പലപ്പോഴായി സമാഹരിച്ചുവച്ചിരുന്ന തുകയാണ് മോഷ്ടിച്ചത്. വിവാഹദിനം അടുത്തതോടെ നോട്ട് ക്ഷാമം കണക്കിലെടുത്താണ് തുക സമാഹരിച്ച് വീട്ടുമുറിയിൽ സൂക്ഷിച്ചിരുന്നത്. വീട്ടിൽ പുറംപണിക്കെത്തിയിരുന്ന ഇയാൾ വിവാഹസമയമായതിനാൽ വീടിനകം ശുചീകരിക്കണമെന്ന് നിർദേശിച്ചാണ് പണം സൂക്ഷിച്ചിരുന്ന മുറിയിൽ തന്ത്രപൂർവം കടന്നത്.
അതിനുശേഷം പണവുമായി മുങ്ങി. പണം കാണാതായിട്ടും വീട്ടുടമ ഒരിക്കലും പൊന്നുസ്വാമിയെ സംശയിച്ചിരുന്നില്ല. എന്നാൽ വീട്ടിലെ മറ്റൊരു വേലക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് പൊന്നുസ്വാമിയും പണിക്കെത്താറുണ്ടെന്നറിഞ്ഞത്.
ദിണ്ഡിഗലിലെത്തിയ പൊന്നുസ്വാമി കേരളത്തിൽ വച്ച് ലോട്ടറി അടിച്ച പണമാണെന്ന് വിശ്വസിപ്പിച്ചാണ് തുക മക്കളെ ഏൽപ്പിച്ചത്.
പോലീസ് ഇയാളെ തേടിയെത്തിയതറിഞ്ഞ് മുങ്ങിയ പൊന്നുസ്വാമിയെ ബലംപ്രയോഗിച്ച് എസ്ഐ കീഴടക്കുകയായിരുന്നു. ഇയാളിൽ നിന്നും പണം പൂർണമായും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.