പത്തനംതിട്ട: നഗരത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിൽനിന്ന് 50,000 രൂപ കവർന്ന സംഘം കാറിൽ മുങ്ങി. സംഘത്തെ പോലീസും നാട്ടുകാരും പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ റോയൽ ഡ്യൂട്ടിപെയ്ഡ് ഷോപ്പിൽ ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. കടയിൽ സാധനങ്ങൾ വാങ്ങാനെന്ന പേരിലെത്തിയ രണ്ടു പേരാണ് മോഷണം നടത്തിയത്.
കോട്ടും ടൈയും ധരിച്ചെത്തിയ ഇവർ കടയുടമയോട് അറബിയോ ഇംഗ്ലീഷോ അറിയുമോ എന്ന് ചോദിച്ചു. തങ്ങളുടെ കൈവശം ഉണ്ടായിരുന്ന നിരോധിച്ച നോട്ടുകൾ എടുത്തുകാട്ടി മാറിത്തരാമോ എന്നു ചോദിച്ചു. ഈ സമയം കാഷ് കൗണ്ടറിൽനിന്ന് കടയുടമയെടുത്ത 50,000 രൂപയുടെ ഒരുകെട്ട് നോട്ട് തട്ടിപ്പറിച്ച് ഇവർ ഓടുകയായിരുന്നു.
എവർഗ്രീൻ ഹോട്ടലിന് സമീപം പാർക്ക് ചെയ്ത കാറിൽ കയറി മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇതര സംസ്ഥാന ജില്ലയിലെ രജിസ്ട്രേഷനുള്ളതാണ് കാർ. ഈ സമയം നഗരത്തിലുണ്ടായിരുന്ന പോലീസ് സംഘവും നാട്ടുകാരും പിന്തുടരാൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല.
നഗരത്തിലെ കടകളിൽ സ്ഥാപിച്ച സിസി ടിവി ദൃശ്യം പരിശോധിച്ച് കാറ് തിരിച്ചറിയാൻ ശ്രമം നടത്തിയ പോലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിവിരം കൈമാറിയിട്ടുണ്ട്.