തലശേരി: തുറന്നിട്ട വീട്ടിലെ അലമാരയില്‍ നിന്നും രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി ടൗൺ എസ്ഐ എം. അനില്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
പ്രദേശവാസികളായ ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണുള്ളത്. നിരവധി പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു. ജൂൺ 23 ന് പുലര്‍ച്ചെ ആറിനും 6.30 നും ഇടയ്ക്ക് കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ പെരുന്താറ്റിലെ സംഗീതില്‍ വിനോദ്കുമാറിന്റെ ഭാര്യ സുഭാഷിണിയുടെ അഞ്ചര പവന്റെ താലിമാലയും വളകളും മോതിരവും ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങളാണ് വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടത്.
വിനോദ്കുമാര്‍ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലാണുണ്ടായിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്.
രാവിലെ വീടിന്റെ വാതില്‍ തുറന്ന ശേഷം വീട്ടമ്മ അടുക്കളയിൽ ചായ ഇടാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് വീട്ടിലാളുള്ളപ്പോൾ കവര്‍ച്ച നടന്നത് പോലീസിനേയും അമ്പരപ്പിച്ചിരുന്നു.