ആനിക്കാട്: എസ്എൻഡിപി യോഗം 4840-ാം നന്പർ ഇളന്പള്ളി ശാഖാ ഓഫീസിലെ മോഷണശ്രമം. മോഷ്ടാക്കളുടേതെന്നു കരുതുന്ന മൊബൈൽ ഫോണും ബൈക്കും കേസിൽ നിർണായക തെളിവാകും.
മൊബൈൽ ഫോണ് കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പള്ളിക്കത്തോട് പോലീസ് ഇന്നലെ അറിയിച്ചിരുന്നു.
ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. മോഷ്ടാക്കൾ ശാഖാ ഓഫീസിലെ കതകിന്റെ പൂട്ട് പൊളിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാർ ഉണർന്നു. ഉടൻതന്നെ ശാഖാ സെക്രട്ടറിയെ വിവരം അറിയിച്ചു.
നിമിഷങ്ങൾക്കകം സെക്രട്ടറി പി.കെ. ശശിയും ഏതാനും ശാഖാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ട മോഷ്ടാക്കൾ ഓഫീസിനു പിൻഭാഗത്തുള്ള തോട്ടിൽ ചാടി രക്ഷപെട്ടു.
കവർച്ചക്കാർ രണ്ടുപേരായിരുന്നുവെന്ന് ശാഖാ സെക്രട്ടറി പറഞ്ഞു. ഇവർ എത്തിയ പൾസർ ബൈക്കും ഓടി രക്ഷപെടുന്നതിനിടെ തെറിച്ചുവീണ മൊബൈൽഫോണും ഓഫീസ് പരിസരത്തു നിന്നു കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.