കോട്ടയം: പയ്യപ്പാടി വെണ്ണിമല ശ്രീരാമ ലക്ഷ്മണ ക്ഷേത്രത്തിൽ വൻ മോഷണം. അഞ്ചു കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു.ശ്രീകോവിലിന്റെ വാതിൽ തുറന്നിട്ടിരിക്കുന്ന നിലയിലാണ്. ഇവിടെ നിന്നുമെടുത്ത നിലവിളക്ക് ക്ഷേത്രത്തിന്റെ വളപ്പിൽ തന്നെ ഉപേക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്ര വളപ്പിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ പൂർണമായും നശിപ്പിക്കുകയും മൂന്നു സിസിടിവി കാമറകൾ മോഷ്്ടാവിന്റെ ചിത്രം ലഭിക്കാതിരിക്കാൻ തിരിച്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നു രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് കാണിക്കവഞ്ചികൾ തകർത്തിരിക്കുന്ന നിലയിലും ശ്രീകോവിലിന്റെ വാതിൽ തുറന്നിട്ട നിലയിലും കിടക്കുന്നതു കണ്ടത്. തുടർന്നു ക്ഷേത്രം ഭാരവാഹികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രിയിൽ 1.30നു ശേഷമാണ് മോഷണം നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. കാരണം രാത്രി 1.30നു പോലീസ് സംഘം പതിവ് പരിശോധനകളുടെ ഭാഗമായി ക്ഷേത്രത്തിൽ എത്തി ബീറ്റ് ബുക്കിൽ ഒപ്പിട്ടു മടങ്ങിയതാണ്.
ഈ സമയത്ത് അസ്വാഭാവികമായതൊന്നും ഇവിടെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ക്ഷേത്രവളപ്പിൽ 14 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സിസിടിവി കാമറയിൽ നിന്നും മോഷ്്ടാവിന്റെ ദൃശ്യങ്ങൾ ലഭിക്കുമോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ നിർമ്മൽ ബോസ്, എസ്ഐ രഞ്ജിത്ത് കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.