വരന്തരപ്പിള്ളി (തൃശൂർ): ഐക്കരക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരവും ഓഫീസിലെ അലമാരയും കുത്തി തുറന്ന് പണം കവർന്നു. അന്പലത്തിലെ ഓഫീസിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും, ഭണ്ഡാരത്തിലെ തുകയും മോഷണം പോയി.
ഇന്നു പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അയൽവാസികൾ ശബ്ദംകേട്ട് എത്തിയപ്പോഴേയ്ക്കും മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ഓഫീസിനുള്ളിലെ അലമാര കുത്തി തുറന്നാണ് പണം കവർന്നത്. നടയിലെ ഭണ്ഡാരവും കുത്തി തുറന്ന നിലയിലാണ്.
മോഷണത്തിന് ഉപയോഗിച്ച രണ്ട് കന്പി പാര ക്ഷേത്രത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിനുള്ളിലെ തിടപ്പിള്ളിയുടെ വാതിലും കുത്തി തുറന്നിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.