തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ കണ്ണിൽ മുളക് പൊടി വിതറി എട്ട് ലക്ഷം കവർന്ന സംഭവത്തിൽ ദുരൂഹതയേറുന്നു. ഉച്ചയ്ക്ക് കവർച്ച നടന്നിട്ടും അർദ്ധരാത്രിയിൽ കേസെടുത്തതിലും ദുരൂഹതയുണ്ട്.
ഇതിനിടയിൽ കേസ് ഒഴിവാക്കാൻ ചില ഒത്തുതീർപ്പ് നിർദേശങ്ങൾ നല്കിയിരുന്നതായും സൂചനയുണ്ട്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന കണ്ണൂർ കക്കാട് സ്വദേശി നൂർ തങ്ങൾ, റഹൂഫ് തുടങ്ങിയവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
പ്രതികൾ ഒളിവിൽ പോയതായാണ് പോലീസ് നൽകുന്ന സൂചന. പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന കവർച്ചയിൽ സംഭവം നടന്ന് പതിനൊന്ന് മണിക്കൂറിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്ക് 1.20 ന് പഴയ ബസ്സ്റ്റാൻഡ് ഹിൽട്ടൺ മുക്കിലാണ് സംഭവം നടന്നത്. എന്നാൽ അർദ്ധ രാത്രിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും പ്രതികൾ കണ്ണൂർ സ്വദേശികളാണെന്നും പോലീസ് വൃത്തങ്ങൾ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ധർമടം ബ്രണ്ണൻ കോളേജിനു സമീപം നടുവിലത്ത് ഹൗസിൽ റഹീസിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പഴയ ബസ്സ്റ്റാൻഡിലെ സഹകരണ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണാഭരണങ്ങളെടുക്കാനായി എത്തിയവരുടെ എട്ടുലക്ഷം രൂപ മുളക് പൊടി കണ്ണിൽ വിതറി കൊള്ളയടിച്ചുവെന്നാണ് കേസ്.
എന്നാൽ പണം കൊള്ളയടിച്ച സംഘത്തെ പട്ടാപ്പകൽ ജനത്തിരക്കേറിയ നഗരത്തിലൂടെ പിന്തുടർന്നുവെന്ന പരാതിക്കാരന്റെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
സ്വർണമെടുക്കാനായി സംഭവത്തിലെ പരാതിക്കാരനായ റഹീസും തോട്ടുമ്മൽ സ്വദേശി മുഹമ്മദലിയും കണ്ണൂർ സ്വദേശി നൂറു തങ്ങളും തലശേരിയിലെത്തിയത്.
ചക്കരക്കല്ലിലെ ജ്വല്ലറിയിൽ നിന്നാണ് പണയാഭരണമെടുക്കാനുള്ള തുക ഇവർക്ക് നൽകിയത്. ജ്വല്ലറി ജീവനക്കാരനും ഇവരോടൊപ്പുണ്ടായിരുന്നു.
മുഹമ്മദലിയേയും ജ്വല്ലറി ജീവനക്കാരനും കാറിലിരുത്തിയ ശേഷം റഹീസും നൂറു തങ്ങളും ഒന്നാം നിലയിലുള്ള ബാങ്കിലേക്ക് സ്റ്റെപ്പ് കയറവെ നൂറു തങ്ങളും മറ്റ് രണ്ട് പേരും ചേർന്ന് റഹീസിന്റെ മുഖത്ത് മുളക് പൊടി വിതറി പണം കവർന്നു വെന്നാണ് പരാതിയിലുള്ളത്.