കോട്ടയം: നഗരത്തിലും സമീപ പ്രദേശങ്ങളിലും ബസ് യാത്രക്കിടയിൽ സ്ത്രീകളുടെ ബാഗിൽ നിന്നും പഴ്സും മറ്റു വിലപ്പെട്ട രേഖകളും മോഷണം പോകുന്നതു പതിവാകുന്നു. ഇന്നലെ രാവിലെ കുടയംപടിയിൽ നിന്നും കോട്ടയത്തിനു കെഎസ്ആർടിസി ബസിൽ വന്ന അയ്മനം സ്വദേശിനി തോപ്പിൽ ആനിയമ്മ വർഗീസിന്റെ പഴ്സ് മോഷണം പോയി.
പഴ്സിനുള്ളിൽ ഉണ്ടായിരുന്ന വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. തുടർന്നു കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നല്കി. ഏതാനും നാളുകൾക്കു മുന്പു വരെ കോട്ടയം – ചിങ്ങവനം റൂട്ടിലും കോട്ടയം- പാലാ- ഈരാറ്റുപേട്ട റൂട്ടുകളിലും സമാനമായ രീതിയിൽ മോഷണം നടക്കുന്നതു പതിവായിരുന്നു.
സ്ത്രീകളുടെ ബാഗിൽ നിന്നുമാണു മിക്കപ്പോഴും പഴ്സ് നഷ്ടമാകുന്നത്. സ്ത്രീ മോഷ്്ടാക്കളാണ് ഇതിനു പിന്നിലെന്നും പോലീസ് കണ്ടെത്തിയിരുന്നു. വിദഗ്ധമായി സ്ത്രീകളുടെ ബാഗിന്റെ സിബ്ബ് തുറന്നു ബാഗിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന പഴ്സും മോഷ്ടിക്കുകയാണ് പതിവ്. മിക്കപ്പോഴും പഴ്സ് നഷ്ടപ്പെടുന്നവർ സംഭവമറിയില്ല.
കടകളിലോ മറ്റു സ്ഥലങ്ങളിലോ എത്തി എന്തെങ്കിലും ആവശ്യത്തിനു പഴ്സ് നോക്കുന്പോഴായിരിക്കും നഷ്്ടപ്പെട്ട വിവരമറിയുന്നത്. തുടർന്നു പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കുന്പോഴേക്കും മോഷ്്ടാക്കൾ രക്ഷപ്പെടുകയും ചെയ്യും. കോട്ടയം ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളിലായി ഇത്തരത്തിൽ നിരവധി പരാതികളാണു ലഭിച്ചിരിക്കുന്നത്.
സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെട്ടതോടെ വനിതാ പോലീസിന്റെ നേതൃത്വത്തിൽ പിങ്ക് പോലീസിനെക്കൂടി ഉൾപ്പെടുത്തി ബസുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതോടെ മോഷണ സംഘങ്ങൾ പിൻവലിയുകയും ചെയ്തിരുന്നു.
ഇപ്പോൾ പരിശോധനകൾ കുറഞ്ഞതോടെയാണു മോഷ്ടാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നാഗന്പടം സ്റ്റാൻഡിൽ വച്ചു ബസ് യാത്രക്കാരിയുടെ ബാഗിൽ നിന്നും പണം മോഷ്ടിച്ച തമിഴ്നാട്ടുകാരിയായ യുവതിയെ ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.