കൊച്ചി: തൃപ്പൂണിത്തുറയിലെ വീട്ടിൽ കൊള്ളസംഘം കവർച്ച നടത്തുന്പോൾ സംഘത്തിലെ ചിലർ വീടിനു വെളിയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു.സമീപവാസിയായ അഖിൽ തോമസാണ് ആദ്യം വീട്ടിലെത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ആനന്ദകുമാറിനെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരം പുലർന്ന ശേഷമാണ് അമ്മയടക്കമുള്ളവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആനന്ദകുമാറിന്റെ തലയിൽ എട്ടു തുന്നലുണ്ട്.
കവർച്ചാസംഘത്തിലുണ്ടായിരുന്നവർ ഹിന്ദിയും അവ്യക്തമായ രീതിയിൽ മലയാളവുമാണു സംസാരിച്ചിരുന്നതെന്നു വീട്ടുകാർ പറയുന്നു. റെയിൽവേ ട്രാക്കിൽനിന്ന് 80 മീറ്റർ മാത്രം മാറിയാണു കവർച്ച നടന്ന വീട്. മോഷണത്തിനു ശേഷം റെയിൽവേ ട്രാക്ക് വഴിയാണു പ്രതികൾ രക്ഷപ്പെട്ടതെന്നു സംശയിക്കുന്നു.
ഒരേ സംഘമെന്നു നിഗമനം
പോലീസ് നായ റെയിൽവേ ട്രാക്ക് വഴി പോയശേഷം അവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പിനു സമീപത്തുമെത്തി. ഇവിടം പോലീസ് പരിശോധിച്ചു ചിലരെ ചോദ്യംചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തി.
കൊച്ചിയിൽ നടന്ന രണ്ടു കവർച്ചകൾക്കു പിന്നിലും ഒരേ സംഘമാണെന്നു കരുതുന്നുണ്ടെങ്കിലും കവർച്ചക്കാരെപ്പറ്റി സൂചനകളൊന്നുമില്ല. എറണാകുളം നോർത്തിൽ വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ കയറി വയോധിക ദന്പതികളെ ആക്രമിച്ച് അഞ്ചു പവൻ സ്വർണം കവർന്നിരുന്നു. കാസർഗോഡ് ചീമേനിയിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയതിനു പുറമെ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽക്കുകയുംചെയ്തു. തുടർന്നു സ്വർണവും പണവും കൊള്ളയടിച്ചു.