ആലുവ: പാനായിക്കുളം ചിറയത്ത് വെറ്റിനറി ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ വേലക്കാരിയും ഇവരുടെ മകളും അറസ്റ്റിൽ. കൃത്യത്തിൽ പങ്കുള്ള മകൻ ഒളിവിലാണ്. ചിറയത്ത് വാടകയ്ക്ക് താമസിക്കുന്ന ഡോക്ടർ അജിത്തിന്റെ വീട്ടിൽ നിന്നാണ് 18 പവൻ സ്വർണാഭരണവും ഒന്നരലക്ഷം രൂപ വിലവരുന്ന വജ്രാഭരണവും 13000 രൂപയും കവർന്നത്. സംഭവത്തിൽ വീട്ടുവേലക്കാരിയായ പള്ളിക്കത്തോട് സ്വദേശി ശാന്ത (46), ഇവരുടെ മകൾ ദിവ്യ (25) എന്നിവരെയാണ് ബിനാനിപുരം എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ശാന്തയുടെ മകൻ ഉണ്ണി (29) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും.
ഡോക്ടറും കുടുംബവും സ്ഥലത്തില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയിൽ ഇരുന്ന പണവും ആഭരണവും കാണാത്തതിനെ തുടർന്ന് ബിനാനിപുരം പോലീസിൽ പരാതി നല്കുകയായിരുന്നു. പോലീസ് പരിശോധനയിൽ അലമാര കുത്തിത്തുറക്കാതെ താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയതെന്നു കണ്ടെത്തി.
തുടർന്നുള്ള അന്വേഷണമാണ് വീട്ടുവേലക്കാരിയിലേക്ക് എത്തിച്ചത്. തുടർന്നു ഡോക്ടർ തന്നെ വാടകയ്ക്ക് എടുത്തു നല്കിയ വീട്ടിൽ താമസിക്കുന്ന ശാന്തയേയും ദിവ്യയേയും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ശാന്ത കുറ്റം സമ്മതിക്കുകയായിരുന്നു. കോട്ടയം സ്വദേശിയായ ശാന്തയും മകളും രണ്ടുവർഷമായി ഇവിടെയാണ് താമസിക്കുന്നത്. മോഷ്ടിച്ച സ്വർണാഭരണങ്ങളിലെ ഒരു പങ്കുമായി ശാന്തയുടെ മകൻ ഉണ്ണി തഞ്ചാവൂരിലേക്ക് കടന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.