ആലപ്പുഴ: അടുക്കള വാതിൽ തകർത്ത് 20 പവനും പണവും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. നോർത്ത് സിഐ ഇ.കെ സോൾജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കവർച്ച സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. കവർച്ച നടന്ന വീട് റെയിൽവേ ട്രാക്കിന് സമീപമായതിനാൽ അന്യസംസ്ഥാന മോഷണസംഘം അടക്കമുള്ളവരെ പോലീ്സ് സംശയിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം മാത്രമേ ആയിട്ടുള്ളുവെന്നും വിശദമായ വിവരങ്ങൾ പിന്നീടേ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. തുന്പോളി റെയിൽവേ സ്റ്റേഷന് സമീപം കൈമാപറന്പിൽ രാജമ്മ സുന്ദരന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു മോഷണം നടന്നത്. വീടിനുള്ളിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്ന മോഷ്ടാവ് രാജമ്മയുടെ മകൾ രജിത കഴുത്തിലണിഞ്ഞിരുന്ന മാലയും പൊട്ടിച്ചെടുത്തിരുന്നു.
മാല കവരുന്നതിനുള്ള ശ്രമത്തിനിടെ രജിത ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. രാജമ്മയുടെ ഇളയമകൾ രേഷ്മയും ഒരുമുറിയിലും രജിതയും മകൾ മാളവികയും മറ്റൊരു മുറിയിലുമായിരുന്നു ഉറങ്ങിയിരുന്നത്. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അലമാരിയിൽ സൂക്ഷിച്ചിരുന്നെങ്കിലും അലമാര പൂട്ടിയിരുന്നില്ല. വീടിനുള്ളിൽ കടന്ന മോഷ്ടാവ് അലമാരയിൽ വിശദമായ പരിശോധന നടത്തിയാണ് സ്വർണവും പണവും കവർന്നത്.
രജിതയുടെ സഹോദരി രേഷ്മയുടെ ക്രിസ്റ്റൽമാല കവർന്നെങ്കിലും അടുക്കളയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി വിശദമായ തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കന്പി പാര ഉപയോഗിച്ച് അടുക്കള വാതിലിന്റെ കുറ്റി തകർത്താണ് മോഷ്ടാവ് അകത്തുപ്രവേശിച്ചത്.
കഴിഞ്ഞമാസം തീർഥശേരി ക്ഷേത്രത്തിന് സമീപത്തെ വീടുകളിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പ്രദേശത്തെ നിരവധി വീടുകളിൽ മോഷണവും മോഷണശ്രമങ്ങളും നടന്നിട്ടുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണങ്ങൾ ആരംഭിച്ചെങ്കിലും ഇതിൽ ഭൂരിഭാഗം സംഭവങ്ങളിലും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.