ചങ്ങനാശേരി: തുരുത്തിയിൽ അഭിഭാഷകന്റെ വീട് കുത്തിപ്പൊളിച്ചു മോഷണം. പത്തു പവൻ സ്വർണാഭരണങ്ങളും വിവിധ രേഖകൾ അടങ്ങിയ ബാഗും മോഷണം പോയി. തുരുത്തി പള്ളിക്കു സമീപം കല്ലുകളം ജോസഫുകുട്ടിയുടെ വീട്ടിലാണ് ഷണം നടന്നത്. ജോസഫുകുട്ടിയും ഭാര്യയും ഇന്നലെ രാവിലെ എറണാകുളത്ത് പോയിരുന്നു.
രാത്രി 11ന് മടങ്ങി എത്തിയപ്പോഴാണ് മോഷണവിവരം മനസിലായത്. വീടിന്റെ പ്രധാന വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ചെക്ക്ബുക്ക്, ആധാർ കാർഡ്, പാസ്ബുക്കുകൾ എന്നിവ അടങ്ങിയ ബാഗുമാണ് കവർച്ചചെയ്തത്.
ജോസഫ്കുട്ടി അറിയിച്ച പ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധനകൾ നടത്തി. ഇന്നു രാവിലെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തുമെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഈ വീടിനു സമീപത്തുള്ള മറ്റൊരു വീട്ടിൽ ജനാല പൊളിച്ചു മോഷണശ്രമം നടന്നിരുന്നു.