കോഴിക്കോട്: കഴിഞ്ഞ ദിവസം മംഗളൂരുവില്‍ അറസ്റ്റിലായ രണ്ട് കവര്‍ച്ചക്കാര്‍ ഉത്തരപ്രദേശില്നിന്ന് എത്തുന്നത് വിമാനത്തില്‍. കേരളത്തിലെ രാത്രികാല ട്രെയിനുകളില്‍ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ആഭരണങ്ങള്‍ കവര്‍ന്നശേഷം തിരിച്ച് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്.
യുപിയില്‍നിന്ന് വിമാനമാര്‍ഗം ഗോവയില്‍ എത്തും. അവിടെ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാത്രികാല ട്രെയിനുകളില്‍ കയറും. കിട്ടുന്നതെല്ലാം കവരും. തിരിച്ച് മംഗലാപുരത്തെത്തി വിമാനത്തില്‍ നാട്ടിലേക്ക് പോകും.
കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങളുമായി വിമാനത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇവര്‍ ആര്‍പിഎഫിന്റെ പിടിയിലായത്.
ഉത്തരപ്രദേശ് മിര്‍സാപൂര്‍ സ്വദേശിയായ അഭയ് രാജ് സിംഗ് (26), ഹരിശങ്കര്‍ ഗിരി (25) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് സ്വര്‍ണ പാദസരം ഉള്‍പ്പെടെ ഒമ്പത് സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന് 16 പവന് തൂക്കം വരും. ആറുലക്ഷം രൂപ വില വരുന്നതാണ് ആഭരണങ്ങള്‍.
ഗോവ-തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകളില്‍ സ്ഥിരമായി ഇവര്‍ യാത്ര ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ട്രെയിനുകളില്‍ യാത്ര ചെയ്ത് കവര്‍ച്ച നടത്തുന്നവരാണ് ഇവര്‍.
ആര്‍പിഎഫ് മംഗളൂരു പോലീസിനു പ്രതികളെ കൈമാറി. മംഗളൂരു പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
സെപ്റ്റംബര്‍ രണ്ടിന് കായംകുളത്തുവച്ച് നിസാമുദ്ദീന്‍ എക്സ്പ്രസില്‍ യുവതിയുടെ ഒന്നേകാല്‍ പവന്റെ പാദസരവും പിറ്റേ ദിവസം ഓഖ എക്സ്പ്രസില്‍ എറണാകുളം മരട് സ്വദേശിയുടെ ഒന്നര പവന് പാദസരവും നഷ്പ്പെട്ടപ്പോഴാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച് ആര്‍പിഎഫ് അന്വേഷണം ശക്തമാക്കിയത്.
യുവതികളുടെ മൊഴി രേഖപ്പെടുത്തുകയും കായംകുളം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്താണ് അനേ്വഷണം നീങ്ങിയിത്.
അതിനിടയില്‍ മംഗളുരുവില്‍ മറ്റൊരു സ്വര്‍ണക്കവര്‍ച്ചയും നടന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.