മാറനല്ലൂർ/കാട്ടാക്കട: മാറനല്ലൂരിൽ മോഷണ പരന്പര. പതിനാറോളം സ്ഥാപനങ്ങളിൽ നിന്നായി ലക്ഷങ്ങൾ കവർന്ന കള്ളൻ സിസിടിവി കാമറയുടെ ഡിവിആറും കൊണ്ടുപോയി. വ്യാഴാഴ്ച അർധരാത്രി നടന്ന മോഷണത്തിൽ അഞ്ചോളം സ്ഥാപനങ്ങളിൽ നിന്നായി കൊണ്ടു പോയത് പണവും, ലാപ് ടോപ്പും കാമറകളും ലക്ഷക്കണക്കിന് രൂപയും. രാവിലെ നാട്ടുകാർ അറിയിച്ചതോടെയാണ് ഉടമകൾ വിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും പോലീസ് പരിശോധന നടത്തുകയും ചെയ്തു.
മോഷണ പരന്പരയിൽ പ്രദേശത്തെ വ്യാപാരികൾ കടുത്ത ആശങ്കയിലാണ്. പ്രാധാന റോഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച സുരക്ഷാ കാമറ പരിധിക്കു പുറത്തുള്ള സ്ഥാപനങ്ങൾ തെരഞ്ഞു പിടിച്ചാണ് മോഷണം നടന്നിരിക്കുന്നത്.
മൂന്നു ദിവസങ്ങൾക്കു മുൻപ് പഞ്ചായത്തിലെ മണ്ണടികോണം, കൂവളശേരി എന്നിവിടങ്ങളിലും അതിനു രണ്ടു ദിവസം മുൻപ് നീർമണ്കുഴിയിലുമായി പെട്ടിക്കടകളിൽ ഉൾപ്പടെ പത്തോളം കടകളിൽ മോഷണം നടന്നതിന് പിന്നാലെയാണ് ആണ് വ്യാഴാഴ്ച ഉൗരൂട്ടന്പലം ജംഗ്ഷനിൽ എസ്ബിഐ ബാങ്കിന് സമീപത്തായുള്ള ജിഎസ് വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്, ഇലങ്കം സ്റ്റോഴ്സ്, മാർജിൻ ഫ്രീ സിമന്റ് കട, സുമതിയുടെ ഉന്തു വണ്ടി കട എന്നിവിടങ്ങളിൽ മോഷണവും മോഷണ ശ്രമവും. അതേ സമയം ബാങ്കുകളിൽ കള്ളന്മാർ കയറിയില്ല.
ജിഎസ് വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സിൽ പൂട്ടു പൊളിച്ചു അകത്തു കടന്ന് കാമറ തകർക്കുകയും മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന 20000 ത്തോളം രൂപയും കൂടാതെ അടുത്ത സ്ഥാപനങ്ങളിൽ നൽകുവാൻ ചിലർ ഏല്പിച്ചിരുന്ന 2500 രൂപയും, 12500 രൂപയുടെ വസ്ത്രങ്ങളും കള്ളന്മാർ കൊണ്ടു പോയി. സുരക്ഷാ കാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡിവിആർ ഉൾപ്പടെ കള്ളൻ കൊണ്ടു പോയിരിക്കുകയാണ്. സമീപത്തെ ഇലങ്കം സ്റ്റോഴ്സിലും പണവും ഒപ്പം സുരക്ഷാ കാമറ ഡിവിആറും കള്ളൻ കൊണ്ടു പോയിട്ടുണ്ട്.
വയോധികയായ സുമതിയുടെ പെട്ടി കടയിൽ പൂട്ടു പൊളിച്ചു ആയിരം രൂപയും സിഗരറ്റ് ,സോപ്പ് എന്നിവയും കള്ളന്മാർ കൊണ്ടുപോയി. സംഘമൈത്രി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ആൻഡ് കന്പനിയിൽ ഗ്രില്ലിന്റെ പൂട്ടു തകർത്തു അകത്തു കടന്നവർ രണ്ടായിരത്തോളം രൂപ കവർന്നു സാധനങ്ങൾ വാരി വലിച്ചിട്ടു. അതേ സമയം മാർജിൻ ഫ്രീ സിമന്റ് കടയുടെ സ്റ്റോർ റൂമിന്റെ പൂട്ടു തകർത്തുവെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
കഴിഞ്ഞ ദിവസം കൂവളശേരി മഹാദേവ ക്ഷേത്രത്തിന് സമീപത്തെ അജിയുടെ ആപ്പിൾ ബേക്കറിയിൽ നിന്നും 85000 രൂപയാണ് മോഷണം. പോയത്. വശത്തെ ഗ്രിൽ പൊളിച്ചു അകത്തു കടന്നവർ ഇവിടെ നിന്നും ലാപ്ടോപ്പ് , മൊബൈൽ ,ഹാർഡ് ഡിസ്ക്ക് ഡിവിആർ എന്നിവയും കൊണ്ടു പോയി. ഇതിനു സമീപത്തെ പെട്ടികടയിലും മോഷണം നടന്നു കൂടാതെ നീർമണ് കുഴിയിലും നിരവധി സ്ഥാപനങ്ങളിൽ മോഷണവും മോഷണ ശ്രമവും നടന്നു.