ഉദയംപേരൂർ: ഉദയംപേരൂരിൽ രണ്ടിടങ്ങളിൽ മോഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മേജർ ഏകാദശി പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലും സമീപത്തു താമസിക്കുന്ന കാഞ്ഞിരക്കാട്ടിൽ വത്സൻ മാത്യുവിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. മോഷ്ടാക്കൾ ക്ഷേത്രത്തിലെ മതിൽ ചാടി കടന്ന് ചുറ്റമ്പലത്തിന്റെ കിഴക്കേ വാതിൽ പൂട്ട് തകർത്താണ് അകത്ത് കയറിയത്.
നാലമ്പലത്തിൽ കയറിയ മോഷ്ടാക്കൾ ശ്രീകോവിലിന് മുന്നിലെ വലിയ കാണിക്കവഞ്ചിയും മണ്ഡപത്തിലെ മറ്റ് കാണിക്കവഞ്ചികളും എടുത്ത് പുറത്ത് നാലമ്പലത്തിന് തെക്ക് വശം എത്തിച്ച് തകർത്താണ് പണം കവർന്നത്. കൂടാതെ ക്ഷേത്രത്തിലെ എണ്ണ കൗണ്ടറിന്റെയും പൂട്ട് തകർത്ത് മോഷണം നടത്തിയിട്ടുണ്ട്. മണിക്കൂറുകളോളം മോഷ്ടാക്കൾ ക്ഷേത്രത്തിൽ വിലസിയിട്ടും ക്ഷേത്രത്തിൽ വാച്ചർ ഉൾപ്പെടെ സംഭവം അറിഞ്ഞില്ല. പണവും സ്വർണാഭരണവും ഉൾപ്പടെ നഷ്ടപ്പെട്ട കണക്കുകൾ തിട്ടപ്പെടുത്തി വരുന്നു.
ക്ഷേത്രത്തിനു സമീപത്തെ പൂട്ടി കിടന്നിരുന്ന വത്സൻ മാത്യുവിന്റെ വീട്ടിലും മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. മോഷ്ടാക്കൾ വീട്ടിലെ അലമാരകൾ ഉൾപ്പെടെയുള്ളവ കുത്തി തുറന്നു പരിശോധിച്ചെങ്കിലും ഇവിടെനിന്നും ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തിൽനിന്നും മോഷ്ടിച്ച നാണയങ്ങൾ, നോട്ടുകൾ, വെള്ളി രൂപങ്ങൾ കൂടാതെ മോഷണത്തിനായി ഉപയോഗിച്ച പാര, വലിയ ടോർ കമ്പി വളയ്ക്കുന്ന ലിവർ എന്നിവ ഈ വീടിന്റെ പുറക് വശത്തുനിന്നും അന്വേഷണ സംഘം കണ്ടെത്തി.
ഒന്നിൽ കൂടുതൽ ഉള്ള അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട മോഷ്ടാക്കളാകാം ഇതിന് പിന്നിൽ എന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സമീപ പ്രദേശത്ത് നിരവധി സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രവർത്തനക്ഷമമല്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. വിരലടയാള വിദഗ്ദ്ധർ ഉൾപ്പെടെ ഉള്ളയുള്ളവർ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. ഉദയംപേരൂർ സിഐ കെ. ബാലൻ, എസ് ഐ കെ.എ. ഷിബിൻ, തൃപ്പൂണിത്തുറ എസ്ഐ കെ.ആർ. ബിജു എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.