ഏറ്റുമാനൂർ: അതിരന്പുഴയിൽ വീട് കുത്തിത്തുറന്ന് 14 പവനും പതിനായിരം രൂപയും മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ഉണ്ണിക്കണ്ണന്റെ കഥ കേട്ട് പോലീസ് പോലും അത്ഭുതപ്പെട്ടു. ആലപ്പുഴ പട്ടണക്കാട് വാടകയ്ക്കു താമസിക്കുന്ന കൊട്ടാരക്കര കരീപ്ര ഇടയ്ക്കിടം അഭിവിഹാറിൽ എസ്. അഭിരാജാ (ഉണ്ണിക്കണ്ണൻ-26) ണ് അറസ്റ്റിലായത്. ഇരുപത്തിരണ്ടാമത്തെ വയസിൽ വിവാഹിതനായ ഉണ്ണിക്കണ്ണൻ അന്നു തുടങ്ങിയതാണ് മോഷണം.
വിവാഹം കഴിഞ്ഞ് പിറ്റേന്ന് അയൽവീട്ടിലായിരുന്നു മോഷണത്തിന്റെ അരങ്ങേറ്റം. അന്ന് അച്ഛന്റെ കൂടെ പെയിന്റിംഗിന് പോകുന്ന വീടുകൾ കണ്ടുവയ്ക്കും. മൂന്നു മാസം കഴിഞ്ഞ് അതേ വീട്ടിലെത്തി മോഷ്ടിക്കും. രാവിലെ ആറു മണിക്ക് വീട്ടിൽ നിന്നറങ്ങും. അപ്പോൾ തന്നെ മൊബൈൽ ഫോണ് ഓഫാക്കും. മോഷണം കഴിഞ്ഞ് രാത്രി ഏഴിനകം തിരികെ വീട്ടിലെത്തും. പകൽ മാത്രം മോഷണം.
അതിരന്പുഴ മുണ്ടുവേലിപ്പടി മുരിക്കൻ ബോസിന്റെ വീട്ടിൽ കഴിഞ്ഞ 11ന് പട്ടാപ്പകലായിരുന്നു മോഷണം. ഒരു തുന്പും കിട്ടാതിരുന്ന പോലീസ് പകൽ മോഷണം നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു. മുൻപ് പിടിയിലായവർ, ഇപ്പോൾ അകത്തുള്ളവർ എന്നിങ്ങനെ നടത്തിയ അന്വേഷണത്തിലാണ് ഉണ്ണിക്കണ്ണനെക്കുറിച്ച് വിവരം ലഭിച്ചത്. ചില സിസിടിവി ദൃശ്യങ്ങളിൽ ഇയാളെ കണ്ടെത്തുകയും ചെയ്തതോടെ ഇയാൾ തന്നെയെന്ന് ഉറപ്പിച്ചു.
നേരത്തേ താമസിച്ചിരുന്ന എഴുകോണിലെത്തി നടത്തിയ അന്വേഷണത്തിൽ സൂചനയൊന്നും കിട്ടിയില്ല. പിന്നീട് ഇയാളുടെ ചില സുഹൃത്തുക്കൾ വഴിയാണ് ഇപ്പോൾ ആലപ്പുഴയിൽ താമസിക്കുന്ന വിവരം ലഭിച്ചത്. ആലപ്പുഴയിൽ എൻജിനീയർ ആയിട്ടായിരുന്നു താമസം. റിട്ട പോലീസുകാരന്റെ വീട് വാടയ്ക്കെടുത്ത് താമസിച്ചു വരുന്ന വിവരം പോലീസ് അറിഞ്ഞ് നടത്തിയ നീക്കത്തിലാണ് പിടിയിലായത്.
കേരളത്തിലെ മിക്ക ജില്ലകളിയും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. എവിടെയൊക്കെയാണെന്ന് ഇയാൾക്കു പോലും നിശ്ചയമില്ല. രാവിലെ തന്റെ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങി മോഷണ ശേഷം തിരികെ വരും. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ജയിവാസം അനുഭവിച്ചിട്ടുണ്ട്. നാൽപതോളം കേസുകൾ നിലവിലുണ്ട്.
മോഷ്ടിക്കുന്ന പണം ആർഭാട ജീവിതത്തിനാണ് ഇയാൾ ഉപയോഗിച്ചത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കറങ്ങി അടിച്ചുപൊളിച്ച് പണം തീർക്കും. വീണ്ടും നാട്ടിലെത്തി മോഷ്ടിക്കും. ഇതായിരുന്നു പതിവ്. പകൽ സമയം വീടുകൾ നീരീക്ഷിച്ച ശേഷം ആളില്ല എന്നുറപ്പു വരുത്തി വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് അകത്തു കയറുന്നത്. കൊട്ടാരക്കര, ചടയമംഗലം, പുനലൂർ, അടൂർ, പൂച്ചാക്കൽ, കുന്നത്തുനാട്, പിറവം, കോലഞ്ചേരി, ചോറ്റാനിക്കര, തടിയിട്ടപറന്പ്, കുറുപ്പംപടി എന്നിവ അടക്കം സംസ്ഥാനത്തെ 24 പോലീസ് സ്റ്റേഷനുകളിൽ ഉണ്ണിക്കണ്ണനെതിരെ പോലീസ് കേസ് നിലവിലുണ്ട്.
ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ സിഐ എസ്. മഞ്ജുലാലാണ് അറസ്റ്റു ചെയ്തത്. എസ്ഐ എം.പി. ബേബി, സൈബർ സെല്ലിലെ മനോജ്, ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ എസ്. അജിത്, വി.എസ്. ഷിബുക്കുട്ടൻ, ഐ. സജികുമാർ, സജമോൻ ഫിലിപ്പ്, പി.എൻ. മനോജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.