വടകര: ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങലിൽ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി പൊന്നും പണവും കവർന്നു. മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസിനു സമീപം കേളോത്ത് കണ്ടി ശ്രീനിലയത്തിൽ ബാലകൃഷ്ണന്റെ വീട്ടിലാണ് ഇന്നു പുലർച്ചെ ഒരു മണിയോടെ കവർച്ച നടന്നത്.
മുൻ വശത്തെ ഗ്രിൽസും വാതിലും തകർത്ത് അകത്തു കടന്ന സംഘം ബാലകൃഷ്ണനെയും ഭാര്യ പ്രേമയേയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. അലമാരയിൽ സൂക്ഷിച്ചതും ദേഹത്തുള്ളതുമായ പത്തേ മുക്കാൽ സ്വർണവും 2700 രൂപയും മോഷ്ടാക്കൾ കവർന്നു. 72 കാരനായ ബാലകൃഷ്ണനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
ശബ്ദം കേട്ട് ബാലകൃഷ്ണനാണ് ആദ്യം ഞെട്ടിയുണർന്നത്. ലൈറ്റ് ഇട്ടാൽ കൊന്നുകളയുമെന്ന് അക്രമികൾ ഭീഷണിമുഴക്കി. പിന്നാലെ ഉണർന്ന ഭാര്യ പ്രേമ തളർന്നുവീണു. പെൻടോർച്ചിന്റെ വെളിച്ചത്തിലാണ് സംഘം പൊന്നിനും പണത്തിനും ചോദിച്ചത്. എതിർപ്പൊന്നും കൂടാതെ പൊന്നും പണവും നൽകിയതിനാൽ ദേഹോപദ്രവം ഉണ്ടായില്ലെന്നു പറയുന്നു.
മലയാളത്തിലാണ് സംഘം സംസാരിച്ചതെന്നും ചെറുപ്പക്കാരാണെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു. ലൈറ്റ് ഇടാൻ സമ്മതിക്കാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സംഭവമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വീട് കുത്തിതുറന്നുള്ള കവർച്ച ഈ മേഖലയിൽ ആവർത്തിക്കുകയാണ്. ഇതിനു മുന്പു കേളു ബസാറിലും പണിക്കോട്ടിയിലും കവർച്ച നടന്നു. മുട്ടുങ്ങലിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി.
ു