വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ പൂട്ടി കിടക്കുന്ന വീടുകൾ കുത്തി തുറന്നുള്ള മോഷണങ്ങൾ ആവർത്തിക്കുന്നു.ഇന്നലെ അണക്കപാറയിൽ സഹോദരങ്ങളുടെ രണ്ട് വീടുകളാണ് കുത്തിതുറന്ന് ആഭരണവും പണവും കവർന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ മാത്രം ഇത്തരത്തിലുള്ള മോഷണങ്ങൾ പല ഭാഗത്തായി നടക്കുന്നുണ്ട്. ചുവട്ടുപാടത്ത് ദേശീയപാതയോരത്തുള്ള മനോജിന്റെ വീട് കുത്തിപൊളിച്ച് കടന്ന് ഏഴ് പവൻ സ്വർണാഭരണങ്ങളും 7000 രൂപയും കവർന്ന സംഭവമുണ്ടായി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് പകൽ സമയത്തായിരുന്നു ഈ സംഭവം. വീട്ടിലുള്ളവർ അടുത്ത സ്ഥലത്ത് പോയി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തിരിച്ചു വരുന്നതിനിടെ രാവിലെയായിരുന്നു കവർച്ച. ഇതിന് ഒരാഴ്ച മുമ്പ് പന്നിയങ്കരയിൽ ഉഷ എന്ന സ്ത്രീയുടെ വീട് കുത്തിതുറന്ന് 5000 രൂപ കവർന്നിരുന്നു.
ഓഗസ്റ്റ് അഞ്ചിന് കല്ലിങ്കൽപാടത്ത് പൂട്ടികിടന്നിരുന്ന പൂവത്താനത്ത് റോയിയുടെ വീട് കുത്തി തുറന്ന് സ്വർണം കവർന്നു.വടക്കഞ്ചേരി ടൗണിനടുത്ത് പുഴക്കലിടം ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ മോഷ്ടാക്കൾ കടന്ന് 12 പവൻ സ്വർണാഭരണങ്ങളും ഏഴായിരം രൂപയും കവർന്നു.
പന്തലാംപാടം കല്ലിങ്കൽപാടം റോഡിൽ ആലുങ്കൽതാഴെ ഷെറിൻ്റെ വീട്ടിലെ മോഷണശ്രമം.മണപ്പാടത്ത് ശ്രീശൈലത്തിൽ ലക്ഷ്മിയുടെ വീട്ടിൽ നിന്നും 10,000 രൂപ കവർന്ന സംഭവം ഇത്തരത്തിൽ വീടുകയറിയുള്ള മോക്ഷണങ്ങൾ പെരുകുകയാണ്.
ദേശീയപാത ചുവട്ടുപാടത്ത് വീട്ടുക്കാരെ കെട്ടിയിട്ട് നടത്തിയ കവർച്ചയെ തുടർന്ന് പിന്നീട് തുടർച്ചയായെന്ന പോലെ ഭവനഭേതനങ്ങൾ ആവർത്തിക്കുന്ന സ്ഥിതിയുണ്ട്.
പ്രദേശത്തെക്കുറിച്ച് അറിയാവുന്നവരുടെ സഹായത്തോടെ ദേശീയപാതയോരത്തെ വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘങ്ങൾ ഇതിനെല്ലാം പിന്നിലുണ്ടെന്ന സംശയങ്ങളും ബലപ്പെടുന്നുണ്ട്.
ബസ്റ്റാൻഡിൽ സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റിൽ നടന്ന കവർച്ച ഒമ്പത് മാസം മുമ്പായിരുന്നു. ഷട്ടർ കുത്തിതുറന്ന് മൂന്ന് ലക്ഷത്തോളം രൂപയാണ് കവർന്നത്.
അഞ്ചു മൂർത്തി ക്ഷേത്രത്തിലെ എട്ട് ഭണ്ഡാരങ്ങൾ കുത്തി പൊളിച്ച് പണം കവർന്ന സംഭവം ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു. ഈ കേസുകളിൽ പലതിലും പ്രതികളെ പിടികൂടാനായെങ്കിലും പ്രമാദമായ പല കേസുകൾക്കും തുമ്പുണ്ടാക്കാനാകാത്ത സ്ഥിതിയുമുണ്ട്.
കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന ജില്ലയിലെ പ്രധാന സ്റ്റേഷൻ എന്ന നിലയിൽ ഇത്തരം ക്രൈം കേസുകൾ അന്വേഷിക്കാൻ പോലീസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കണമെന്ന ആവശ്യവും ശക്തമയിരിക്കുകയാണ്.