വൈക്കം: വൈക്കം വെച്ചൂരിൽ ആളില്ലാത്ത വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന.
നിരവധി കേസുകളിൽ പ്രതിയായ പ്രഫഷണൽ മോഷ്ടാവാണ് വെച്ചൂരിൽ മോഷണം നടത്തിയതെന്നാണ് സൂചന. വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനു സമീപം കാർത്തികയിൽ രമണന്റെ വീട്ടിലാണ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്.
ഞായറാഴ്ച രാത്രി 8.30വരെ രമണന്റെ ഇളയ മകൻ രാഹുൽ വീട്ടിലുണ്ടായിരുന്നു. കണ്ണൂർ തലശേരിയിലുള്ള ഭാര്യയെയും കുഞ്ഞിനെയും കാണാൻ രാഹുൽ തലശേരിയിലേക്ക് പോയി അഞ്ചു മണിക്കൂറുകൾ കഴിഞ്ഞാണ് വീട്ടിൽ മോഷണം നടന്നത്.
പുലർച്ചെ 1.40ന് മോഷ്ടാവ് വീട്ടിൽ വന്നതു മുതൽ നാലോടെ ഇറങ്ങി പോകുന്നതുവരെയുള്ള മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സി സി ടി വി യിൽ പതിഞ്ഞിരുന്നു.
ലണ്ടനിലുള്ള മൂത്ത മകൻ രാജ്കുമാറിനൊപ്പമാണ് ഒരു മാസമായി രമണനും ഭാര്യ രാഗിണിയും താമസം.വീടിന്റെ ഗേറ്റിന് വടക്കുഭാഗത്തെ മതിൽ ചാടിക്കടന്ന മോഷ്ടാവിന് .ആറടിക്കടുത്ത് ഉയരമുണ്ടായിരുന്നു.
വാതിലിന്റെ പൂട്ടു കമ്പിപ്പരയ്ക്ക് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. മോഷണത്തിനു ശേഷം മോഷ്ടാവ് കൊണ്ടുവന്ന കമ്പി പാരയും പിക്കാസും വീടിനുള്ളിൽ ഉപേക്ഷിച്ചു.
വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട അയൽക്കാർ രാഹുലിനെ വിളിച്ചറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.