വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നു പണം അപഹരിച്ചതായി പരാതി. ക്ഷേത്രത്തിലെ ശ്രീകോവിലിനു പുറത്തുള്ള കാണിക്കവഞ്ചിയും കൊടിമരത്തിനു സമീപത്തെ കാണിക്കവഞ്ചിയും തകർത്താണു പണം കവർന്നത്. നോട്ടുകൾ മാത്രമെടുത്തശേഷം നാണയങ്ങൾ മോഷ്ടാക്കൾ ഉപേക്ഷിക്കുകയായിരുന്നു. ക്ഷേത്രത്തിൽ വാച്ചറും മറ്റു മൂന്നു പേരും ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കൾ വന്നത് ഇവരാരും അറിഞ്ഞില്ല.
മോഷ്ടാക്കൾ തകർത്ത കാണിക്കവഞ്ചികളിൽ ഒന്ന് ഉരുട്ടികൊണ്ടു പോകാവുന്നതാണ്. ക്ഷേത്രത്തിന്റെ വടക്കേനടഭാഗം വരെ ഉരുട്ടിക്കൊണ്ടുപോയശേഷം ക്ഷേത്ര മതിലിനു പുറത്തേക്കു കാണിക്കവഞ്ചി എടുത്തെറിഞ്ഞശേഷം പുറത്തിട്ട് പൂട്ടുതകർത്തു പണം കവരുകയായിരുന്നെന്നാണു കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
ക്ഷേത്രത്തിന്റെ വടക്കേ നടയിൽ നിർമ്മാണം നടന്നു വരുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിനു സമീപത്ത് മോഷ്ടാക്കൾ ഉപയോഗിച്ചതായി കരുതുന്ന ലിവറും കന്പികളും തുണിക്കെട്ടും പോലീസ് കണ്ടെടുത്തു. ആറുമാസം കൂടുന്പോൾ പൊട്ടിക്കുന്ന കാണിക്കവഞ്ചിയിൽനിന്ന് ദേവസ്വം അധികൃതർ കഴിഞ്ഞ 27ന് പണമെടുത്തിരുന്നു.
ഒരാഴ്ച മുന്പ് വെച്ചൂർ ഇടയാഴത്ത് രണ്ടു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തകർത്തു പണം കവർന്നിരുന്നു. മോഷ്ടാക്കളെ പിടികൂടുന്നതിനു പോലീസ് ഉൗർജിതമായി അന്വേഷണം നടത്തി വരികയാണെന്ന് എസ്ഐ മഞ്ജുദാസ് പറഞ്ഞു.