വളപട്ടണം(കണ്ണൂർ): വീടിന്റെ വാതിൽ കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണാഭരണങ്ങളും 1,04,000 രൂപയും കവർച്ച നടത്തി. വളപട്ടണം മന്ന മായിച്ചാൻകുന്നിലെ ഷാർബ മൻസിലിലെ സൈനബയുടെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു.
വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച രണ്ടര പവൻ സ്വർണമാലയും 1,04,000 രൂപയും കവർച്ച ചെയ്തശേഷം
അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സൈനബയുടെ കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടുപവൻ മാലയും കുഞ്ഞിന്റെ കൈയിലുണ്ടായിരുന്ന അര പവൻ ബ്രേസ്ലെറ്റും അര പവന്റെ സ്വർണമോതിരവും സ്വർണ മാലയും കവർന്നു.
രാവിലെ എഴുന്നേറ്റപ്പോഴാണ് കഴുത്തിലുള്ള സ്വർണമാല നഷ്ടപ്പെട്ടതായി സൈനബയ്ക്ക് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചര പവൻ സ്വർണാഭരണങ്ങളും 1,04,000 രൂപയും നഷ്ടപ്പെട്ടതായി മനസിലായത്.
തുടർന്ന് വളപട്ടണം പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കവർച്ച നടന്ന സ്ഥലത്തെത്തി പരിശോധിച്ചു.
സമീപ സ്ഥലത്തെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് പിരശോധിച്ചു. കവർച്ചക്കാർക്കായി അന്വേഷണം വ്യാപിച്ചതായി വളപട്ടണം പോലീസ് അറിയിച്ചു.