വണ്ടിത്താവളം: തങ്കം തിയേറ്ററിനരികേ വ്യാപാര സ്ഥാപനത്തിലും സമീപത്തെ വീട്ടിലും മോഷണശ്രമം. വണ്ടിത്താവളം പന്തൽമുച്ചിയിലുള്ള എ.എസ് ട്രേഡേഴ്സിന്റെ മുൻഭാഗത്തെ പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. മേശയുടെ വലിപ്പ് പൊളിച്ചിട്ടുണ്ടെങ്കിലും ചില്ലറ നാണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഷട്ടർ പകുതി തുറന്നനിലയിലാണ് മോഷ്ടാവ് സ്ഥലം വിട്ടത്. മുറിക്കകത്തുണ്ടായിരുന്ന സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് കൊണ്ടുപോയി. ഇതിനുസമീപത്തെ മാർജിൻ ഫ്രീ കടയിൽ സ്ഥാപിച്ച സിസിടിവിയിൽ മോഷ്ടാവ് നടന്നുവരുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വെളുത്ത മുണ്ടും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. മുഖം തോർത്ത് ഉപയോഗിച്ചു മറച്ചനിലയിലാണ്.
രാത്രി 12:01 ഒന്ന് എന്നാണ് മോഷണസമയം കാമറയിൽ കാണിക്കുന്നത്. ഇന്നു പുലർച്ചെ ആറിന് ഷട്ടർ പകുതി തുറന്നു വച്ച നിലയിൽ വഴിയാത്രക്കാരാണ് മോഷണശ്രമം ആദ്യം കാണുന്നത്. ഈ സ്ഥാപനത്തിന് 200 മീറ്റർ അകലെയുള്ള പൂട്ടിയിട്ട വീട്ടിലും മോഷ്ടാവ് കടന്നിട്ടുണ്ട്.
അയ്യപ്പൻകാവ് പരേതനായ അബ്ദുൾ സത്താറിന്റെ വീട്ടിൽ ഭാര്യ സുബൈദ തനിച്ചാണ് താമസിക്കുന്നത്. കഴിഞ്ഞാഴ്ച വീടിന്റെ ഭിത്തിയിടിഞ്ഞു വീണതിനാൽ വീടുപൂട്ടി സമീപത്തെ വീട്ടിലാണ് രാത്രി കഴിയുന്നത്. വീട്ടിനകത്തുള്ള അലമാര പൊളിച്ച നിലയിലാണ്. ഇതിനകത്ത് പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടായിരുന്നില്ല.
മീനാക്ഷിപുരം എസ്ഐ വിനോദിന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി പ്രാഥമികാന്വേഷണം നടത്തി.