വാഴക്കുളം: റിട്ട. മേജർ സുബേദാറിന്റെ വീട്ടിൽ വൻ മോഷണം. 36 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന മേശ ഉൾപ്പെടെയാണ് മോഷ്ടാക്കൾ അപഹരിച്ചത്. റിട്ട. മേജർ സുബേദാർ കാവന പിച്ചാപ്പിളളിൽ ലൂക്കാ ലൂക്കായുടെ ഇരുനില വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണമുണ്ടായത്.
ഇന്നു വെളുപ്പിന് അഞ്ചോടെയാണ് മേശ കാണാനില്ലെന്ന വിവരം ഇവർ അറിഞ്ഞത്. പുറത്തേക്കുള്ള വാതിൽ ചാരിയിട്ട നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗത്തും ഭവനഭേദനം നടത്തിയ ലക്ഷണങ്ങളൊന്നും കാണാനില്ല. കിടപ്പുമുറിയായും ഉപയോഗിക്കാറുള്ള താഴത്തെ നിലയിലെ മുറിയിൽ നിന്നാണ് സ്വർണം വച്ചിരുന്ന മേശ ഉൾപ്പെടെ മോഷണം പോയത്. ഇന്നലെ മേജറും ഭാര്യയും വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് ഉറങ്ങിയത്.
വീട്ടിൽ വേറെ ആരുമുണ്ടായിരുന്നില്ല. പകൽ സമയത്തു തന്നെ മോഷ്ടാക്കൾ വീടിനകത്തു കയറിയതായാണ് സംശയിക്കുന്നത്. വാഴക്കുളം പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും.