കണ്ണൂർ: മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ന്യൂസ്എഡിറ്റർ കെ.വിനോദ്ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഘം എത്തിയത് ആന്ധ്രപ്രദേശിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ള സംഘമെന്ന് സൂചന. കവർച്ച നടത്തിയ രീതിയും ഇവർ സംസാരിച്ച ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷയും അടിസ്ഥാനമാക്കിയാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആന്ധ്രപ്രദേശിലെ ശ്രീറാംപൂറിലെ തിരുട്ടുസംഘത്തെപ്പറ്റിയാണു പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണച്ചുമതല. ഇന്നു പുലർച്ചെ 5.30 ഓടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ സംഘം കവർച്ച നടന്ന വീടും പരിസരവും പരിശോധന നടത്തി.
പ്രദേശത്തെ നിരീക്ഷണ കാമറകളും പരിശോധിക്കുന്നുണ്ട്. തൊട്ടടുത്ത വീട്ടിലും കവർച്ചാശ്രമം ഉണ്ടായതായി പോലീസ് പറഞ്ഞു. മാത്രമല്ല സമീപവാസികളോടും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കവർച്ച നടത്തിയശേഷം ഇൻഡിക്ക കാറിലാണു മോഷ്ടാക്കൾ രക്ഷപ്പെട്ടതെന്നു പോലീസിനു തെളിവുലഭിച്ചു.
കവർച്ചാസംഘം ജില്ല വിട്ടു പുറത്തേക്കു പോകാതിരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് പോലീസ് വ്യക്തത വന്നുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി പി.പി. സദാനന്ദൻ രാഷ്ട്രദീപികയോടു പറഞ്ഞു.