കണ്ണൂർ: മാധ്യമപ്രവർത്തകനേയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണസംഘം എറണാകുളത്ത്. കണ്ണൂർ സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നു പുലർച്ചെ എറണാകുളത്ത് എത്തിയത്. സമാനമായ രീതിയിൽ കവർച്ച നടത്തിയ ആറംഗസംഘം എറണാകുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
ഇവരെതെളിവെടുപ്പിന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തൃപ്പൂണിത്തുറ എസ്എംബി കോളനി റോഡിൽ നന്ദപ്പിള്ളി ആനന്ദ്കുമാറിന്റെ വീട്ടിൽ കവർച്ച നടത്തിയ ബംഗ്ലാദേശ് സ്വദേശികളായ അക്രംഖാൻ (30), സലീം (40), മുഹമ്മദ് ഹാരൂൺ എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവരുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണസംഘം എറണാകുളത്ത് എത്തിയിട്ടുള്ളത്.
ഇതേസംഭവത്തിൽ റോണി, അർഷാദ്, ഷേക്ക്സാദ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ കാക്കനാട് സബ് ജയിലിൽ റിമാൻഡിലാണ്. ഇവരെയും സംഘം ചോദ്യം ചെയ്യും. നാലംഗ സംഘമായി തിരിഞ്ഞാണ് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. ഇതിൽ രണ്ടുവിഭാഗങ്ങളായുള്ള സംഘം ന്യൂഡൽഹി നോർത്തിലെ സീമാന്ധ്രയിലും കർണാടകയിലും പ്രതികളെ അന്വേഷിച്ച് കഴിഞ്ഞദിവസം പോയിരുന്നു.
ഇവർ രണ്ടുദിവസം മുന്പ് തിരിച്ചെത്തി. എന്നാൽ കവർച്ചക്കാരുടെ വീടുകളെക്കുറിച്ച് വ്യക്തമായ സൂചന പോലീസിനു ലഭിച്ചതായി ഡിവൈഎസ്പി പി.പി. സദാനന്ദൻ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഇതിനിടെയാണ് എറണാകുളം സബ് ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഈ കേസിൽ ബന്ധമുണ്ടോയെന്ന് പോലീസ് സംശയിക്കുന്നത്.
ഈമാസം ആറിനാണ് താഴെചൊവ്വയിലെ മാധ്യമപ്രവർത്തകൻ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും കെട്ടിയിട്ട് 30 പവൻ സ്വർണാഭരണങ്ങളും ഫോണും എടിഎം കാർഡുകളും കവർച്ച ചെയ്തത്. വാതിൽ തകർത്ത് അകത്തുകയറിയായിരുന്നു മോഷണം. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, കണ്ണൂർ സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, ടൗൺ സിഐ ടി.കെ. രത്നകുമാർ, ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി, ചക്കരക്കൽ എസ്ഐ പി. ബിജു എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തെ നിയമിച്ചാണ് കേസന്വേഷണം മുന്നോട്ടു പോകുന്നത്.