ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ കള്ളനെ കണ്ടെത്താൻ ചെയർമാൻ ഉൾപ്പെടെ മുഴുവൻ കൗണ്‍സിലർമാരുടെയും വിരലടയാളം ശേഖരിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. സംഭവദിവസം നഗരസഭ മന്ദിരത്തിലേക്ക് വരാത്ത കൗണ്‍സിലർമാരുടെ കൂടി വിരലടയാളം ശേഖരിക്കാനുള്ള നീക്കത്തിനെതിരെയാണ് വ്യാപക പ്രതിഷേധം രൂപപ്പെട്ടിട്ടുള്ളത്.
വർഷങ്ങളായി പൊതുപ്രവർത്തന രംഗത്തുള്ള തങ്ങളെ സമൂഹത്തിൽ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നാണ് ഒരുവിഭാഗം കൗണ്‍സിലർമാരുടെ ആക്ഷേപം. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷയുടെ ബാഗിൽനിന്നും പണം മോഷണം പോയെന്ന് പറയുന്ന ദിവസം ഒറ്റപ്പാലം നഗരസഭ മന്ദിരത്തിൽ വരാത്ത കൗണ്‍സിലർമാരുടെ വിരലടയാളം ശേഖരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിട്ടുണ്ട്.
നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവരെ പൊതുസമൂഹത്തിനു മുന്പിൽ കരിവാരിതേയ്ക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നതെന്നും ഇതിനകം വിമർശനം ഉയർന്നുകഴിഞ്ഞു.
ആദ്യം വിരലടയാളം ശേഖരിച്ച നാല് കൗണ്‍സിലർമാരുടെ വിരലടയാളങ്ങൾ വീണ്ടും പരിശോധിക്കാനും നീക്കമുണ്ട്.
പണം മോഷണം പോയതിനുശേഷം ബാഗ് പരിശോധിച്ചിരുന്നുവെന്നാണ് ആദ്യം വിരലടയാളം എടുത്ത നാല് കൗണ്‍സിലർമാരും മൊഴി നല്‍കിയിട്ടുള്ളത്. ഇതോടെ വിരലടയാളം മുഖേന മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിന് തടസം നേരിട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
അതേസമയം കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് മുഴുവൻ കൗണ്‍സിലർമാരുടെയും വിരലടയാളങ്ങൾ പരിശോധിക്കാൻ തീരുമാനമായിട്ടുള്ളത്.അതേസമയം സംശയത്തിന്റെ നിഴലിലുള്ള നാല് കൗണ്‍സിലർമാരിൽ രണ്ടുപേർക്ക് നുണപരിശോധന നടത്താനുള്ള അപേക്ഷ ഒറ്റപ്പാലം പോലീസ് ജില്ലാ പോലീസ് മേധാവിക്ക് നല്കി.തൃശൂരിലെ കേന്ദ്രത്തിൽ നുണപരിശോധന നടത്താനാണ് നീക്കം.
കഴിഞ്ഞമാസം 20-നാണ് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷയുടെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്നും 38,000 രൂപ മോഷണംപോയത്.അതേസമയം കഴിഞ്ഞദിവസം രസം നഗരസഭയ്ക്ക് അകത്തെ മോഷണ കേസിലെ പ്രതിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇതര കൗണ്‍സിലർമാർ ഒറ്റപ്പാലം നഗരത്തിൽ വായ്മൂടിക്കെട്ടി പ്രകടനം നടത്തിയിരുന്നു.