വൈപ്പിൻ: ഓച്ചന്തുരുത്ത് സംസ്ഥാനപാതയ്ക്കരുകിൽ റിട്ടയേർഡ് അധ്യാപകനായ തച്ചേരിൽ ജോഷിയുടെ വീട്ടിൽ നിന്ന് 30 പവന്റെ സ്വർണാഭരണങ്ങളും 80000 രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം. മോഷ്ടാവ് വൈപ്പിൻകരക്ക് പുറത്തുള്ളയാളെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേ സമയം ഇയാൾ തെക്കൻമാലിപ്പുറം, സൗത്ത് പുതുവൈപ്പ്, മുരുക്കുംപാടം മേഖലയിലെവിടെയങ്കിലും വാടകക്ക് താമസിക്കുന്നയാളാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കൂടാതെ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി ഭാഗത്തേക്കും പോലീസിന്റെ അന്വേഷണം ഉണ്ട്. 28നു പകൽ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.
ഇന്നലെ പകലും രാത്രിയിലുമായി പോലീസ് നിരവധി പേരെ ചോദ്യം ചെയ്തിട്ടും പ്രതിയെക്കുറിച്ച് മറ്റു സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.
നീല ഷർട്ട് ധരിച്ച 45നു മേൽ പ്രായമുളള ഒരു മധ്യവയസ്കന്റെ ചിത്രമാണ് പോലീസ് പുറത്ത് വിട്ടിട്ടുള്ളത്. ഇടതുകൈയിൽ സ്വർണനിറത്തിലുള്ള വാച്ച് ധരിച്ചിട്ടുണ്ട്. ഇരു നിറമാണ്. ഉയരം ഏതാണ്ട് അഞ്ചടിക്ക് മേലെയുണ്ട്. മോഷണം നടന്ന വീടിനു സമീപത്തുണ്ടായിരുന്ന സിസിടിവി കാമറയിൽ നിന്നാണ് ഇയാളുടെ ചിത്രം ലഭിച്ചത്.
മോഷ്ടാവിനെതേടി അന്വേഷണ സംഘം ഇന്നലെ പാതിരാത്രിവരെ വൈപ്പിൻ കരക്ക് അകത്തും പുറത്തും വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയുടെ സങ്കേതം കണ്ടെത്താനായില്ല. മുൻ മോഷണക്കേസുകളിലെ പ്രതിയാണോയെന്ന് അറിയാൻ സംസ്ഥാനത്ത് വിവിധ ജയിലുകളിലേക്കും പോലീസ് സ്റ്റേഷനുകളിലേക്കും സിസിടിവിയിൽ നിന്ന് ലഭിച്ച ചിത്രവും വിവരങ്ങളും ഞാറക്കൽ പോലീസ് കൈമാറിയിട്ടുണ്ട്.