മുക്കം: ഞായറാഴ്ച മുക്കത്ത് രാഹുൽ ഗാന്ധിയുടെ പര്യടന പരിപാടിക്കിടെ നഷ്ടമായ പഴ്സുകൾ ഉപേക്ഷിച്ച നിലയിൽ. കാരശേരി പഞ്ചായത്ത് ഓഫിസിന് മുന്നിലെ പഴയ കോപ്പറേറ്റീവ് ആർട്സ് കോളജ് കെട്ടിടത്തിന് സമീപത്താണ് പണം കവർന്ന ശേഷമുള്ള പേഴ്സുകൾ കണ്ടെത്തിയത്.
പഴ്സിൽ നിന്ന് പണം മാത്രമാണ് നഷ്ടപ്പെട്ടത്. മറ്റ് രേഖകൾ എല്ലാം ഇവിടെ ഉപേക്ഷിച്ച നിലയിൽ തന്നെയാണ്. പഴ്സ് നഷ്ടപ്പെട്ടതായി ഒൻപത് പേർ പരാതിയുമായി മുക്കം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. പതിനഞ്ചിലധികം ആളുകളുടെ പഴ്സ് നഷ്ടപ്പെട്ടതായി സൂചനയുണ്ട്.
ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് ഏകദേശ കണക്ക്. എടിഎം കാർഡ്, ലൈസൻസ് അടക്കമുള്ള നിരവധി രേഖകളും ഇതോടൊപ്പം നഷ്ടപ്പെട്ടിട്ടുരുന്നു. മുക്കം നഗരസഭയിലെ 31 ആം വാർഡ് കൗൺസിലർ റഹഹ്ത്തിന്റെ ഭർത്താവ് വി.ടി. ബുഷൈറിന്റെ 26,000 രൂപയടങ്ങിയ പഴ്സ്, മുൻ മുക്കം പഞ്ചായത്ത് മെംബർ ആമിനയുടെ ഭർത്താവ് മുഹമ്മദ് പുല്ലംപാടിയുടെ 17,000 രൂപ, മുക്കം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ മുത്താലം സ്വദേശി മുനീർ എന്നിവരുടേതടക്കമുള്ള പഴ്സുകളാണ് നഷ്ടപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ച പഴയ ഫയർ സ്റ്റേഷൻ പരിസരത്ത് നിന്നവരുടെ പഴ്സുകളാണ് മോഷ്ടിക്കപ്പെട്ടിരുന്നത്.
രാഹുൽ ഗാന്ധി തുറന്ന വാഹനത്തിലേക്ക് കയറുമ്പോൾ ഉണ്ടായ തിരക്കിലാണ് മോഷണം നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ അരീക്കോട് സംഘടിപ്പിച്ചിരുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്കിടെയും വ്യാപകമായി പഴ്സുകൾ മോഷ്ടിക്കപ്പെട്ടിരുന്നു.
പിന്നീട് ഈ പേഴ്സുകൾ പണമെടുത്ത ശേഷം അരീക്കോട് പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.