മോഷണക്കുറ്റത്തിന് അറസ്റ്റിലായ യുവതി പോലീസ് വാഹനവുമായി രക്ഷപെടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. തുടർന്ന് സിനിമ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചേസിംഗിനു ശേഷമാണ് യുവതിയെ പിടികൂടാനായത്.
ടെക്സസിലെ ലഫ്ക്കിൻ നഗരത്തിലാണ് ഏവരെയും അന്പരപ്പിച്ച സംഭവം അരങ്ങേറിയത്. ഒരു ബ്യൂട്ടി ഷോപ്പിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച 33കാരിയായ ടോഷ സ്പോണ്സ്ലറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിലങ്ങണിയിച്ച് കാറിനുള്ളിൽ ഇവരെ ഇരുത്തിയതിനു ശേഷം തൊണ്ടിമുതൽ പോലീസ് പരിശോധിക്കുകയായിരുന്നു. ഈ സമയം കൈയിലണിയിച്ചിരുന്ന വിലങ്ങ് അതിവിദഗ്ധമായി അഴിച്ച ടോഷ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു വാഹനമോടിച്ച് പോകുകയായിരുന്നു.
അമിതവേഗത്തിൽ വാഹനമോടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവതിയെ 23 മിനിറ്റ് നീണ്ട ചേസിംഗിനു ശേഷമാണ് പിടികൂടിയത്. മോഷണശ്രമത്തിനു പുറമെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചതിനും ഒൗദ്യോഗിക വാഹനം അനധികൃതമായി ഉപയോഗിച്ചതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.