കോട്ടയം: ജില്ലയിലെ വിവിധ വർക്ക്ഷോപ്പുകളിൽനിന്നും വാഹനങ്ങളും മറ്റ് ഉപകരണങ്ങളും മോഷണം പോകുന്നതു പതിവാകുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ജില്ലയിലെ ഈരാറ്റുപേട്ട, പാലാ, കോട്ടയം ടൗണ്, ഞാലിയാംകുഴി, കോടിമത, വൈക്കം, കുറവിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ വർക്ക്ഷോപ്പുകളിലാണു മോഷണം നടന്നത്. ഡസ്റ്റർ, ആൾട്ടോ, മാരുതി കാറുകളും ലെയ്ത്ത് ഉപകരണങ്ങൾ, ടൂൾസ്, ജാക്കി, ബാറ്ററികൾ, ടയറുകൾ എന്നിവയുമാണു മോഷ്്ടാക്കൾ അപഹരിച്ചത്.
മോഷണങ്ങളുമായി ബന്ധപ്പെട്ടു ഒരാളെ പോലും പിടികൂടാൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വർക്ക് ഷോപ്പ് ഉടമകൾ പോലീസിനെ സമീപിക്കുന്പോൾ സിസിടിവി കാമറകൾ സ്ഥാപിക്കുകയോ സെക്യൂരിറ്റികളെ നിയമിക്കുകയോ ചെയ്യണമെന്നാണ് പോലീസ് നിർദേശിക്കുന്നത്.
അന്വേഷണം വൈകുന്നതു മൂലം മോഷണം പോയ കാറുകൾ പൊളിച്ചു വിൽക്കുന്നതിനുള്ള സാവകാശം മോഷ്ടാക്കൾക്കു ലഭിക്കും. എന്നാൽ വർക്ക്ഷോപ്പിൽ നിന്നും മോഷണം പോയ വാഹനങ്ങൾ വർക്ക്ഷോപ്പുകാർ തന്നെ വാങ്ങി നല്കണമെന്നാണു വാഹന ഉടമകൾ പറയുന്നത്.
ഇതു പലപ്പോഴും വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കുന്നുണ്ട്. വാക്കേറ്റമുണ്ടാകുന്ന സമയത്ത് വർക്ക്ഷോപ്പിലെത്തുന്നവർ സംഭവമറിഞ്ഞു മറ്റു വർക്ക്ഷോപ്പുകൾ തേടി പോകുന്നതും പതിവാണ്. തുടർച്ചയായി മോഷണങ്ങൾ ഉണ്ടാകുന്നതോടെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ പോലീസ് മേധാവികൾ ഉൾപ്പെടെയുള്ളവർക്കു പരാതി നല്കിയിട്ടും നടപടിയുണ്ടായിട്ടില്ല.
രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും അന്വേഷണം നടത്തി മോഷണം പോയ കാറുകൾ കണ്ടെത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. തുടർന്നും പോലീസിന്റെ ഭാഗത്തു നിന്നും നിസംഗത ഉണ്ടായാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.