പുൽപ്പള്ളി: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 11 പവനോളം സ്വർണം മോഷ്ടിച്ചു. പുൽപ്പള്ളി താന്നിത്തെരുവ് പഴശിരാജ കോളജിനടുത്ത് തെക്കേവിളയിൽ ബാബു കുര്യന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മോഷണം നടന്നത്.
ബാബുവും കുടുംബവും രാവിലെ പത്തോടെ പുൽപ്പള്ളി ടൗണിൽ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പിൻഭാഗത്തുള്ള ജനലിന്റെ കന്പി നീക്കം ചെയ്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയത്.
ബാബുവിന്റെ ഭാര്യ ഉച്ചയ്ക്ക് 12 ഓടെ മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാര തുറന്ന് സ്വർണം മോഷ്ടിക്കുകയും വീടിനുള്ളിലെ വസ്ത്രങ്ങൾ വാരി വിതറിയ നിലയിലുമായിരുന്നു.
പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അപചരിതരായ നാലുപേർ മോഷണം നടന്ന വീടിന് സമീപത്ത് കൂടി നടന്ന് പോകുന്നത് കണ്ടെത്തിയതോടെ അവർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് പരിശോധനയിൽ വീടിനടുത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള താന്നിത്തെരുവ് വരെ പരിശോധന നടത്തി.
വീട്ടുകാർ പുറത്ത് പോയ സമയത്ത് അപരിചിതരായ ചിലരെ സമീപത്ത് കണ്ടതായി പരിസരവാസികൾ അറിയിച്ചു. പോലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അവർക്കായി തെരച്ചിൽ ആരംഭിച്ചത്.
പുൽപ്പള്ളി എസ്ഐ കെ.എസ്. ജിതേഷ്, കെ.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഞായറാഴ്ച പുൽപ്പള്ളിയിലും പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണവും 50,000 രൂപയും മോഷ്ടിച്ചിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മോഷണം തുടര്‍ക്കഥയായതോടെ ജനങ്ങള്‍ ഭീതിയില്‍
പുൽപ്പള്ളി: ടൗണ്‍ പരിസരത്ത്് തുടർച്ചയായി പട്ടാപ്പകൽ മോഷണം നടന്നതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിൽ.
കഴിഞ്ഞ രണ്ടു ദിവസമായി ആളില്ലാത്ത വീടുകളിൽ മോഷണം നടന്നത് വീടിന്റെ പിൻവാതിൽ വഴിയാണ്.
താന്നിത്തെരുവിലെ ബാബു കുര്യന്റെ വീടിന്റെ ഒരു ജനൽ കന്പി മുറിച്ച് മാറ്റി അതിലൂടെ അകത്ത് കയറി അടുക്കള വാതിൽ തുറന്നാണ് മോഷണം നടത്തിയത്.
ഞായറാഴച ഫാ.മാത്യുസ് തിണ്ടിയത്തിന്റെ വീടിന്റെ അടുക്കള വാതിൽ തുറന്നായിരുന്നു മോഷണം. ഈ രണ്ട് മോഷണവും നടത്തിയത് ഒരേ സംഘങ്ങൾ തന്നെയാണെന്നാണ് സൂചന.
അപരിചിതരായ നാലുപേർ വീടിന് സമീപത്തുകൂടെ നടന്ന് പോകുന്നത് അയൽവാസികൾ കണ്ടിരുന്നു.
ഇക്കാര്യം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പരിസര പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോൾ നാലു പേരുടെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ബാബുവിന്റെ വീടിന് സമീപത്തെ സിസിടിവിയിലും താന്നിത്തെരുവിലെ സിസിടിവിയിലും ഇവരുടെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.
പകൽ സമയത്ത് പോലും മോഷണം നടത്താൻ തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾക്ക് വീട് അടച്ച് പുറത്ത് പോകാൻ കഴിയാത്ത അവസ്ഥയാണ്.
മോഷണം നടന്ന രണ്ട് വീടുകളും റോഡിനോട് ചേർന്ന് വാഹന തിരക്കുള്ള റോഡായിട്ട് പോലും മോഷ്ടാക്കൾ പകൽ സമയത്ത് മോഷണം നടത്തിയത് പോലീസിനും തലവേദനയായിരിക്കുകയാണ്.
മോഷണം നടന്ന വീടുകളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും പരിശോധന നടത്തി.
മേഖലയിൽ വർധിച്ച് വരുന്ന മോഷണം തടയാൻ പോലീസ് പരിശോധന കർശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.