കോട്ടയം: ബസ് യാത്രക്കാരുടെ സ്വർണാഭരണങ്ങളും പഴ്സും മോഷണം നടത്തുന്ന സ്ത്രീകളുടെ സംഘം ജില്ലയിൽ. സംഘത്തിൽപ്പെട്ട രണ്ടുപേരെ ഇന്നലെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തിരുനെൽവേലി സ്വദേശിനികളായ ജ്യോതി (ശാന്തി), കാമാക്ഷി (രസികമ്മ) എന്നിവരാണ് ചങ്ങനാശേരി പോലീസിന്റെ പിടിയിലായത്.
ഇന്നലെ തിരുവല്ല ഇടിഞ്ഞില്ലം ഭാഗത്തുനിന്നു കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ച് ഇവർ യാത്രക്കാരിയുടെ ബാഗിൽ നിന്ന് 1500 രൂപയടങ്ങിയ പഴ്സ് മോഷ്്ടിക്കുകയായിരുന്നു.
ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ ഇവർ ഇറങ്ങി. ഈ സമയം യാത്രക്കാരി ബാഗിൽ നോക്കിയപ്പോൾ പഴ്സ് കാണാനില്ല.
തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇവരെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘം ജില്ലയിൽ എത്തിയിരിക്കുന്നതായി പോലീസിനു വിവരം ലഭിച്ചു.
ബസുകളിൽ കയറി തിരക്കുണ്ടാക്കിയാണ് ഇവർ മോഷണം നടത്തുന്നത്.
തിരുവല്ല, ചങ്ങനാശേരി കോട്ടയം, കോട്ടയം പാലാ തൊടുപുഴ, പാലാ ഈരാറ്റുപേട്ട, കോട്ടയം മുണ്ടക്കയം കുമളി ബസുകളിലും ആൾത്തിരക്കുള്ള ഉത്സവസ്ഥലങ്ങളിലുമാണ് ഇവർ കൂടുതലായി മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
സ്ത്രീകളായ യാത്രക്കാരുടെ ഒപ്പമിരുന്ന അതിവിദഗ്ധമായി ആഭരണങ്ങളും ബ്ലേഡ് ഉപയോഗിച്ചു ബാഗി കീറി അതിൽനിന്നു പഴ്സും മോഷ്്ടിക്കുകയുമാണ് ഇവർ ചെയ്യുന്നത്.
ഇന്നലെ പിടിയിലായവരുടെ പേരിൽ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.
ഇവരുടെ സംഘം നിശ്ചിത ദിവസങ്ങൾ ഒരു ജില്ലയിൽ തങ്ങിയശേഷം അടുത്ത ജില്ലകളിലേക്കു മാറുകയാണ് ചെയ്യുന്നത്. ബസിൽ യാത്ര ചെയ്യുന്നവരും ഉത്സവങ്ങളിലും മറ്റു പങ്കെടുക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു.