തളിപ്പറമ്പ്: ഇതരസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന നാലംഗസംഘം തളിപ്പറന്പിൽ അറസ്റ്റിൽ. ചേപ്പറമ്പിലെ ആല വളപ്പിൽ അശ്വന്ത് (22), പറശിനിക്കടവ് തലുവിലെ ബിനോയ് (22), പൂമംഗലത്തെ മഠത്തും പൊയിൽ ജിനേഷ് (22), കുറുമാത്തൂരിലെ വൈഷ്ണവ് (22) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലാണ് ഇവർ കവർച്ച നടത്തി വന്നിരുന്നത്. മൊബൈൽ ഫോണുകളും ബൈക്കും ഉൾപ്പെടെ ഇരുപതിലേറെ കവർച്ചകൾ ഇവരുടെ നേതൃത്വത്തിൽ നടത്തിയതായി പോലീസ് പറഞ്ഞു. കൂടാതെ നിർമാണം നടക്കുന്ന വീടുകളിൽ നിന്നും നിർമാണസാമഗ്രഹികൾ ഇവർ കവർച്ച നടത്തുന്നതും പതിവാണ്.
മോഷണം നടത്തി അടിപൊളി ജീവിതം നയിച്ചു വരികയായിരുന്ന ഇവരെ തൃശൂർ, ധർമ്മശാല, പറശിനിക്കടവ് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. എ എസ് ഐമാരായ ടോമി, ചന്ദ്രൻ ,എ.ജി.അബ്ദുൾറൗഫ്, സീനിയർ സി പി ഒ സ്നേഹേഷ്, ബിനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.