ഒരു ദിവസം അന്വേഷണ സംഘം റഫീഖിന്റെ വാടക വീടു പരിശോധിക്കാന്‍ തീരുമാനിച്ചു. റഫീഖിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പോലീസ് സംഘം അയാളുടെ വീട്ടിലെത്തി.
വാതില്‍ തുറന്ന് അകത്തുകയറി. അവിടം പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഒരു നിമിഷം പകച്ചുപോയി. പല വീടുകളില്‍നിന്നു മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍, വില കൂടിയ വാച്ചുകള്‍, സ്വര്‍ണാഭരണങ്ങള്‍, ബൈക്കുകളുടെയും കാറുകളുടെയും താക്കോലുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം അവിടെയുണ്ടായിരുന്നു. മോഷണം നടത്തിയ സാധനങ്ങളില്‍ മിക്കതും റഫീഖ് അവിടെ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
പോലീസ് വീണ്ടും അയാളെ ചോദ്യം ചെയ്തു. എന്നാല്‍ ആ സാധനങ്ങളെല്ലാം മുന്‍ വാടകക്കാരന്റേതാണെന്നാണ് അയാള്‍ ആദ്യം പറഞ്ഞത്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ക്ക് ഏറെ നേരം പിടിച്ചു നില്ക്കാനായില്ല. തുടര്‍ന്ന് അയാള്‍ കുറ്റങ്ങളെല്ലാം ഏറ്റു പറയാന്‍ തുടങ്ങി.
ആ വെളിപ്പെടുത്തൽ
റഫീഖിനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തതില്‍നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിനു ലഭിച്ചത്. ചങ്ങരംകുളം സ്റ്റേഷന് പരിധിയില്‍ എടപ്പാള്‍ ഭാഗത്തുള്ള വീടികളിലെ മോഷണങ്ങള്‍ കൂടാതെ കുന്നങ്കുളം, പെരുമ്പിലാവ്, പെരിന്തല്‍മണ്ണ, തൃശൂര്‍ എന്നീ ഭാഗങ്ങളിലായി അമ്പതോളം വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു.
പ്രതിയെ തെളിവെടുപ്പിനു കൊണ്ടുപോയപ്പോള്‍ മോഷ്ടിക്കപ്പെട്ട വാഹനങ്ങളും സ്വര്‍ണാഭരണങ്ങളും പ്രതി പോലീസിനു കാണിച്ചുകൊടുത്തു. പ്രതി വിവിധ സ്ഥലങ്ങളില്‍നിന്നു മോഷ്ടിച്ച ഇന്നോവ കാര്‍, സ്വിഫ്ട് കാര്‍, ബുള്ളറ്റുകള്‍, സൈക്കിളുകള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു.
സ്വര്‍ണാഭരണങ്ങളില്‍ പലതും പ്രതി ഭാര്യയ്ക്കു കൈമാറിയിരുന്നു. ഇന്നോവ കാര്‍ തൃശൂരിലെ ഒരു ആശുപത്രി പരിസരത്തു പൊടിപിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു.
റഫീഖിനെ അറസ്റ്റ് ചെയ്തതും കുറേയെറെ കേസുകള്‍ക്കു തെളിവുണ്ടാക്കിയതും എസ്ഐ മനേഷിനും മലപ്പുറം ആന്റി തെഫ്റ്റ് സ്ക്വാഡിനും അഭിമാനിക്കാനാവുന്ന കാര്യങ്ങളായിരുന്നു.
പരാതിക്കാരന്റെ സന്തോഷം
2020 ഏപ്രിലില്‍ അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കയറാന്‍ നിന്നപ്പോള്‍ പ്രായമുള്ള ഒരാള്‍ അടുത്തുവന്ന് അറിയുമോയെന്നു ചോദിച്ചു.
ഓര്‍ക്കുന്നില്ലെന്നു പറഞ്ഞപ്പോള്‍ അന്നു ചങ്ങരംകുളത്തുവച്ചു പിടിച്ച മോഷണക്കേസില്‍ ഒരു കാര്‍ എന്റെ വീട്ടില്‍ നിന്നും മോഷണം പോയതായിരുന്നുവെന്നു പറഞ്ഞു. അത് തിരിച്ചുകിട്ടുമെന്ന് ഒരിക്കലും വിചാരിച്ചതല്ലെന്നും സാറിനെ പടച്ചോന് അനുഗ്രഹിക്കട്ടെയെന്നു കണ്ണു നിറഞ്ഞ് പറഞ്ഞാണ് അയാള്‍ പോയത്.
(അവസാനിച്ചു)
തയാറാക്കിയത്: സീമ മോഹന്‍ലാല്‍
പഠിച്ച കള്ളന്! വീണ്ടും ഞെട്ടിച്ചു മോഷണം; ഇങ്ങനെയുള്ള ആള് ഒരു മോഷ്ടാവാകുമോ എന്ന ചോദ്യം അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കി…
പോലീസിനെ ‘ക്ഷ’ വരപ്പിച്ച കള്ളൻ! ഒരു കാര്യം അന്വേഷണോദ്യോഗസ്ഥനു മനസിലായി, ഇതുവരെ ക്രൈം റിക്കാര്‍ഡുകളില്‍ കയറാത്ത ഏതോ കള്ളനാണ് പ്രതി