ചങ്ങനാശേരി: പ്രവാസി മലയാളിയുടെ മാമ്മൂട്ടിലുള്ള അടഞ്ഞു കിടന്ന വീട്ടിൽ എട്ടുമാസംമുന്പ് മോഷണം നടത്തിയ കേസിൽ കോട്ടയം സബ് ജയിലിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ല തുകലശേരി ശരത് ശശി(33), കായംകുളം പുല്ലുകുളങ്ങര സുധീഷ്(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വിറ്റ്സർലൻഡിൽ ജോലി ചെയ്ത് കുടുംബസമേതം അവിടെ താമസിക്കുന്ന മാമ്മൂട് പാറുകണ്ണിൽ ജോസഫ് ദേവസ്യയുടെ അടഞ്ഞു കിടന്ന വീട്ടിലാണ് മോഷണം നടന്നത്.
വീട്ടിനകത്തെ വിദേശ നിർമിതവും വിലപ്പിടിപ്പുള്ളതുമായ പൈപ്പ് ഫിറ്റിംഗ്സ്, ഉരുളി, നിലവിളക്ക്, വിലകൂടിയ പാത്രങ്ങൾ എന്നിവ ഉൾപ്പെടെ നാലരലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ മോഷണം നടത്തിയതായാണ് പ്രതികളുടെ പേരിലുള്ള കേസ് എന്ന് പോലീസ് പറഞ്ഞു.
ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നിർദേശപ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ അഖിൽദേവ്, എഎസ്ഐ ഷിബു, സ്ക്വാഡ് അംഗങ്ങളായ തോമസ് സ്റ്റാൻലി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വൈകുന്നേരങ്ങളിൽ ശരതും സുധീഷും ചേർന്ന് സ്കൂട്ടറിൽ സഞ്ചരിച്ച് ആൾത്താമസമില്ലാത്ത വീടുകൾ കണ്ടെത്തിവയ്ക്കും.
പിന്നീട് അവസരം നോക്കി രാത്രിയിൽ എത്തി മോഷ്ടിക്കുകയാണ് പതിവ്.
ഇതേ രീതിയിലാണ് മാമ്മൂട്ടിലെ വീട് കണ്ടെത്തി പ്രതികൾ മോഷണം നടത്തിയത്. വീടിനു കാവൽ ഏൽപ്പിച്ചിരുന്ന ആൾക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ മോഷണം നടന്ന വിവരം മനസിലായത്.
ജോസഫ് ദേവസ്യ തൃക്കൊടിത്താനം പോലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമാനരീതിയിൽ മോഷണം നടത്തുന്ന കുറ്റവാളികളെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു കേസിൽ കോട്ടയം സബ് ജയിലിൽ കഴിഞ്ഞിരുന്ന ശരത്തിനേയും സുധീഷനേയും പോലീസിന് പിടികൂടാൻ കഴിഞ്ഞത്.
ഇരുവരുടെയും പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു.
മൊബൈൽ ഫോണ് കോൾ വിവര ശേഖരം നടത്തി സൈബർ സെല്ലിന്റെ സഹായത്തോടെയും വിശദമായ അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മോഷണ ദൃശ്യങ്ങൾ പതിയാതിരിക്കാൻ പ്രതികൾ ഡിവിആർ തകർത്തു
മാമ്മൂട്: മോഷണം നടന്ന മാമ്മൂട് പാറുകണ്ണിൽ ജോസഫ് ദേവസ്യയുടെ വീട്ടിലും ചുറ്റുപാടുകളിലുമായി 16 സിസിടിവി കാമറകളാണ് ഘടിപ്പിച്ചിരുന്നത്.
വിദേശത്തുള്ള ജോസഫിന്റെ വീട്ടിലേക്ക് ഈ കാമറകളുടെ കണക്ടിവിറ്റി ഉണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കാമറയുടെ കണക്ടിവിറ്റി നഷ്ടപ്പെട്ടപ്പോൾ നെറ്റ് തകരാറാണെന്നാണ് ജോസഫ് കരുതിയിരുന്നത്.
മോഷണം നടന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് കൃത്യമായ പരിശോധന നടത്തിയപ്പോഴാണ് കാമറകളിലെ ചിത്രങ്ങളുടെ മെമ്മറി സൂക്ഷിക്കുന്ന ഡിവിആർ ഇളക്കിമാറ്റിയ നിലയിൽ കണ്ടെത്തിയതെന്നും ഡിവിആർ തകർത്തതായി പ്രതികൾ സമ്മതിച്ചതായും പോലീസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിൽ ജൂവലറി കുത്തിത്തുറന്നു മോഷണം നടത്തിയതുൾപ്പെടെ നിരവധി കേസുകൾ പ്രതികളുടെ പേരിലുള്ളതായി പോലീസ് പറഞ്ഞു.