നെടുങ്കണ്ടം: വിവാഹ ആവശ്യത്തിന് വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ കൗമാരക്കാൻ ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റുചെയ്തു.
ഓണ്‍ലൈൻ മൊബൈൽ വ്യാപാരത്തിലൂടെയുണ്ടായ സാന്പത്തിക ബാധ്യത തീർക്കാൻ കൗമാരക്കാരനാണ് വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ കടത്തിയത്. സ്വർണം കൗമാരക്കാരൻ സുഹൃത്തുക്കളായ രണ്ടുപേരെ വിൽക്കാൻ ഏൽപിച്ചു. ഇവർ മൂവരുംചേർന്ന് സ്വർണാഭരണങ്ങൾ വിറ്റു.
ബാലഗ്രാം പാലമൂട്ടിൽ പി.കെ. റെജിയുടെ വീട്ടിൽനിന്നും കഴിഞ്ഞ ഒന്നിനാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. തൂക്കുപാലം വടക്കേപുതുപ്പറന്പിൽ മുഹമ്മദ് താഹഖാൻ(21), കൂട്ടാർ ബ്ലോക്ക് നന്പർ 1305-ൽ ജാഫർ(34) എന്നിവരും ഒരു കൗമാരക്കാരനുമാണ് അറസ്റ്റിലായത്.
കൗമാരക്കാരൻ ഓണ്‍ലൈൻവഴി മൊബൈൽ വരുത്തി മറിച്ചുവിറ്റിരുന്നു. കോവിഡ് ആരംഭിച്ചതോടെ ഓണ്‍ലൈൻ വ്യാപാരം മുടങ്ങി. അടച്ച തുകയുടെ മൊബൈൽ എത്താതെ വന്നതോടെ ആവശ്യക്കാർക്ക് തുക തിരികെ കൊടുക്കുവാൻ കൗമാരക്കാരൻ നിർബന്ധിതനായി.
ഇതേത്തുടർന്നാണ് സ്വർണം മോഷ്ടിക്കുവാൻ പദ്ധതിയിട്ടത്. മോഷ്ടിച്ച സ്വർണം കൂട്ടുകാരനായ മുഹമ്മദ് താഹഖാനുമൊത്ത് തൂക്കുപാലത്തെ സ്വകാര്യ സ്ഥാപനത്തിൽ പണയംവെച്ചു. ഈ സ്വർണം ഏലക്കാ വ്യാപാരിയായ ജാഫർ 8,08,000 രൂപ നൽകി തിരികെ എടുത്തു കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിൽ 8,20,000 രൂപയ്ക്ക് വിൽപന നടത്തി.
മോഷണമുതൽ സ്വീകരിക്കൽ, അനുമതിയില്ലാതെ അലമാരി തുറന്ന് സ്വർണമുതൽ എടുക്കൽ, വീട്ടിൽ കയറിയുള്ള മോഷണം, ഒന്നിലധികം ആളുകൾചേർന്ന് പൊതു ഉദ്ദേശ്യത്തോടുകൂടി കുറ്റകൃത്യം ചെയ്യൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. വീഡിയോ കോണ്‍ഫറൻസ് വഴി കൗമാരക്കാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുന്‍പിലും മറ്റു രണ്ടുപേരെ മജിസ്ട്രേറ്റിനുമുന്പിലും ഹാജരാക്കി. സ്വർണാഭരണങ്ങൾ കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിൽനിന്നും കണ്ടെടുത്തു.
റെജിയുടെ ഭാര്യ ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തുടർചികിത്സക്കു പോയിരുന്ന സമയത്താണ് മോഷണം നടന്നത്. കഴിഞ്ഞദിവസം അലമാരയിൽ നോക്കിയപ്പോഴാണ് സ്വർണം കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം എസ്ഐ പി.കെ. ശ്രീധരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡുചെയ്തു.