സ്വന്തം ലേഖകൻ
തൃശൂർ: രാത്രിയായാൽ ചെട്ടിയങ്ങാടി വഴി കെഎസ്ആർടിസിയിലേക്കോ, റെയിൽവേ സ്റ്റേഷനിലേക്കോ പോകുന്നവർ സൂക്ഷിക്കുക. ഇവിടെയെത്തിയാൽ പെണ്വേഷമിട്ടവരടക്കമുള്ളവർ ആളുകളെ ആക്രമിക്കുന്നതും പിടിച്ചുപറി നടത്തുന്നതും പതിവായി മാറിയിരിക്കയാണ്. ഇതിനകം തന്നെ നിരവധി പേർക്കാണ് കല്ലേറടക്കമുള്ള ആക്രമണം നേരിടേണ്ടി വന്നത്.
ഭിന്നലിംഗക്കാരെന്നു പറയുന്നവർ രാത്രിയാകുന്നതോടെ ഈ ഭാഗങ്ങളിൽ തന്പടിക്കുന്നത് പതിവാണെന്ന് വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. രാത്രിയിൽ വ്യാപാരികൾ കടകളടച്ചു പോകുന്നതോടെ വിജനമായ സ്ഥലത്ത് സംഘങ്ങളായി നിന്ന് ഇതുവഴി വരുന്നവരെ സമീപിക്കുകയും വഴങ്ങാത്തവർക്കെതിരെ ആക്രമണം അഴിച്ചുവിടുകയുമാണ് പതിവെന്ന് പറയുന്നു. മാസങ്ങൾക്കു മുന്പ് ഇവരുടെ സംഘങ്ങൾ ചെട്ടിയങ്ങാടി പരിസരത്ത് തന്പടിച്ച് ഇതുപോലെ ആക്രമണങ്ങൾ നടത്തുന്നതിനെതിരെ പോലീസ് ഇടപെടുകയും അടിച്ചോടിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം എതിർപ്പു വന്നതോടെയാണ് പോലീസും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതായത്. ബൈക്കിൽ വന്നാൽ പോലും ഇവർ തടഞ്ഞു നിർത്തുന്നത് പതിവായി മാറിയിരിക്കയാണ്. ഇവരുടെ ഇംഗിതത്തിന് വഴങ്ങാതെയോ, ബൈക്ക് നിർത്താതെ പോകുകയോ ചെയ്താൽ കൈയിൽ കരുതിയിരിക്കുന്ന കല്ലുകൊണ്ട് എറിയുകയാണ് പതിവ്.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്ന ഒരു യുവാവിനെ ഈ സംഘത്തിൽ പെട്ടവർ തടഞ്ഞു നിർത്താൻ നോക്കിയെങ്കിലും നിർത്താതെ പോയപ്പോൾ കല്ലെടുത്ത് എറിഞ്ഞു. ഭാഗ്യത്തിന് കണ്ണിൽ കൊള്ളാത്തതിനാൽ രക്ഷപെട്ടു. ഭിന്നലിംഗക്കാരുടെ അഴിഞ്ഞാട്ടത്തിനെതിരെനടപടിയെടുക്കാൻ പോലും പറ്റാത്ത സാഹചര്യമാണെന്നാണ് പോലീസിന്റെ നിലപാട്. എന്തെങ്കിലും നടപടിയെടുത്താൽ എല്ലാവരും പോലീസിനെതിരെ തിരിയുന്ന സാഹചര്യമാണ് മുന്പുണ്ടായതെന്നും പറയുന്നു.
മാസങ്ങൾക്കു മുന്പ് ഇത്തരക്കാരുടെ വിളയാട്ടത്തിനെതിരെ പോലീസ് നിരന്തരം ഈ ഭാഗത്തെത്തി നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ പോലീസിനെതിരെ പരാതി വന്നതോടെ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. ഇത് മുതലെടുത്താണ് സംഘങ്ങൾ ഇപ്പോൾ ചെട്ടിയങ്ങാടിയും പരിസരവുമൊക്കെ പിടിച്ചുപറിയുടെയും അനാശാസ്യക്കാരുടെയും കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. സംഭവം സിറ്റി പോലീസ് കമ്മീഷണർ രാഹുൽ ആർ.നായരുടെ അടുത്തു വരെ എത്തിയതോടെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.