തിരുവില്വാമല: മോഷ്ടാക്കളോടു ദിവാകരന് ഒന്നേ പറയാനുള്ളൂ- മിണ്ടാപ്രാണികൾക്ക് അന്നമൂട്ടിയിരുന്ന പാത്രങ്ങൾ തിരിച്ചു തരൂ.
അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കന്നുകാലികൾക്കു ഭക്ഷണവും വെള്ളവും നൽകുന്നതിനായി പാന്പാടി കൂടാരംകുന്ന് എം. ദിവാകരൻ കടയ്ക്കു മുന്നിൽ വച്ചിരുന്ന പാത്രങ്ങളാണ് ഇന്നലെ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത്.
പാന്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഇന്നലെ പുലർച്ചെ നാലരയോടെയാണു സംഭവം. മോഷ്ടാക്കളെ പിന്തുടർന്ന കടയുടമ പഴയന്നൂരിൽ വച്ച് മോഷ്ടാക്കളെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല.
കടയ്ക്കു മുന്നിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നതിനായി വച്ചിരുന്ന ബക്കറ്റ്, അഞ്ച് ട്രേ, മറ്റു പാത്രങ്ങൾ മുതലായവയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
രാവിലെ 4.30 ന് പെട്ടി ഓട്ടോയിൽ വന്ന രണ്ടുപേർ മോഷണം നടത്തുന്നത് കടയിലെ സിസിടിവിയ്ല് പതിഞ്ഞിട്ടുണ്ട്. രാവിലെ കടയിലെത്തിയ ദിവാകരൻ പാത്രങ്ങൾ കാണാതായപ്പോൾ സിസിടിവി പരിശോധിക്കുകയായിരുന്നു.
മോഷ്ടാക്കൾ ആക്രി കടയിൽ സാധനങ്ങൾ വിറ്റിരിക്കാം എന്ന ഊഹത്തിൽ അന്വേഷിച്ചിറങ്ങിയ ദിവാകരൻ പഴയന്നൂർ പഞ്ചായത്തിനു സമീപത്തെ ആക്രിക്കടയിൽ വച്ച് മോഷ്ടാക്കളെ കണ്ടെത്തിയെങ്കിലും അവർ ഓടി രക്ഷപ്പെട്ടു .
സംഭവത്തിൽ പഴയന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.