അന്പലപ്പുഴ: പുന്നപ്രയിലെ കടകളിൽ വ്യാപക മോഷണം. പുന്നപ്ര തെക്കുപഞ്ചായത്ത് പത്താംവാർഡിൽ പള്ളിവെളിയിൽ ഐഷാമൻസിൽ ടി. കെ. റഫീക്കിന്റെ പുന്നപ്ര ഷറഫുൽ ഇസ്ലാം ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന മക്കാ സിമൻറ്സ് സ്റ്റോറിന്റെ നാലു കടമുറികളും, പുന്നപ്ര ദാറുൽ ഇസ്ല്ലാം മൻസിൽ റിയാസിന്റെ പുന്നപ്ര മസ്ജുൽ ഫാറൂക്ക് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ന്യൂ റോസ് ജ്വല്ലേഴ്സ് എന്നിവിടങ്ങളിലാണ് ഷട്ടറുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്.
ഇന്നലെ പുലർച്ചെ 2.58 ഓടെ സിമന്റ്് കടയിൽ മോഷ്ടാക്കളായ മൂന്നു പേർ കയറിയതായി സിസി കാമറയിൽ പതിഞ്ഞത്. ഇവിടെ നിന്നും വിലപ്പെട്ട രേഖകൾ മോഷ്ടാക്കൾ അപഹരിക്കുകയും രണ്ടു സിസി കാമറകൾ നശിപ്പിച്ചതായും കണ്ടെത്തി. കാമറകൾ നശിപ്പിച്ചതിലൂടെ പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മസ്ജുൽ ഫാറൂക്ക് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ന്യൂറോസ് ജ്വല്ലറിയുടെ ഷട്ടർ കുത്തിത്തുറന്ന് ഡോറിന്റെ ചില്ല് പൊട്ടിച്ച് അകത്തു കടന്ന മോഷ്ടാക്കൾ ഇവിടെ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങളും സിസി ടിവിയുടെ ഹാർഡ് ഡിസ്കും അപഹരിച്ചു.
ജ്വല്ലേഴ്സിൻറെ മുകളിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ സെന്ററിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന സിസി ടിവി പരിശോധനയിൽ മൂന്നുപേർ പുലർച്ചെ 3.10 ന് പ്രവേശിച്ചതായി പുന്നപ്ര എസ്ഐ അജയ കുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞു. പ്രതികൾക്കു വേണ്ടി പോലീസ് തെരച്ചിൽ ഉൗർജിതമാക്കി. സമാന സംഭവമാണ് രണ്ടുദിവസം മുന്പ് തോട്ടപ്പള്ളി ബിവറേജ് ഒൗട്ട്ലെറ്റിലും നടന്നത്.