ചങ്ങനാശേരി: മോഷ്്ടിച്ച സ്വർണമാല തട്ടിയെടുക്കാൻ മോഷ്്ടാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.
കുന്നന്താനം ചേലക്കപ്പടി കുന്നേൽ മനുമോഹൻ(21), മുണ്ടിയപ്പള്ളി പാറയിൽ അനന്തു പൊന്നപ്പൻ(21) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന നാലു പേർക്കു വേണ്ടിയാണ് തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മാടപ്പള്ളി ഇടപ്പള്ളി കോളനി കാളാശേരി രഹിനി(രഥു-21)നെയാണ് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. ക്രിമിനൽ കേസുകളിലെ പ്രതിയായ രഹിൻ കഴിഞ്ഞ ദിവസം തിരുവല്ലയിൽനിന്നും രണ്ടുസ്വർണമാലകൾ മോഷ്ടിച്ചു.
ഈ സ്വർണമാലകൾ വിറ്റു പണം നൽകുന്നതിനായി ഇയാൾ തിരുവല്ല ഭാഗത്തുള്ള ക്രിമിനൽ സംഘത്തിൽപ്പെട്ട ഒരാളെ ഫോണിൽ ബന്ധപ്പെട്ടു.
ഫോണ്സന്ദേശം ലഭിച്ചയാൾ രഹിന്റെ കയ്യിൽനിന്നും സ്വർണമാല തട്ടിയെടുക്കാൻ കൂട്ടുകാരുമായി ആലോചന നടത്തി. ആറംഗസംഘം ഇന്നലെ പുലർച്ചെ മാടപ്പള്ളി ഇടപ്പള്ളി കോളനിയിലുള്ള വീട്ടിലെത്തി രഹിനെ വിളിച്ചിറക്കി സ്വർണമാല വേണമെന്ന് ആവശ്യപ്പെട്ടു.
മാല തന്റെ കൈവശമില്ലെന്നും മറ്റൊരു സുഹൃത്തിന്റെ കയ്യിലാണെന്നും രഹിൻ പറഞ്ഞിട്ടും സംഘം ഇതു കേൾക്കാൻ കൂട്ടാക്കിയില്ല.
ഇവർ വന്ന പിക്കപ്പ് വാനിൽ രഹിനെ കയറ്റി മർദിച്ചശേഷം തിരുവല്ലയിലുള്ള ഒരു വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് വീണ്ടും മർദിക്കുകയും ചെയ്തു.
നേരം വെളുത്തപ്പോൾ അക്രമി സംഘത്തിന്റെ കണ്ണുവെട്ടിച്ച് രഹിൻ രക്ഷപ്പെട്ടു വീട്ടിലെത്തിയതായി പോലീസ് പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തുവരുന്നത്.
അറസ്റ്റിലായ പ്രതികളുടെ പേരിൽ കീഴ്വായ്പ്പൂര്, തിരുവല്ല സ്റ്റേഷനുകളിൽ കേസുണ്ട്. സംഭവം പുറത്തു വന്നതോടെ മോഷ്്ടിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കുന്ന ക്രമിനിൽ സംഘങ്ങളും ചങ്ങനാശേരി, തിരുവല്ല, പായിപ്പാട് മേഖലകളിൽ പ്രവർത്തിക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.