സ്ഥാപനങ്ങളിൽ മോഷ്ടാക്കൾക്ക് കയറാതിരിക്കുവാൻ ഉടമകൾ തങ്ങളാലാകുന്ന സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം ചെയ്യാറുണ്ട്. എന്നാൽ തന്റെ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ കവരുവാൻ മോഷ്ടാക്കളെ മാടി വിളിക്കുകയാണ് ഒരു കടയുടമ.
യുകെയിൽ തുണി വ്യാപാരം ചെയ്യുന്ന ഒരു സ്ത്രീയാണ് തന്റെ കടയിൽ നിന്നും വസ്തുക്കൾ കവരുന്ന ജോലി മോഷ്ടാക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. മോഷ്ടാക്കൾക്ക് 64 ഡോളർ ശമ്പളമായി നൽകുന്നതിനൊപ്പം അവർ മോഷ്ടിക്കുന്ന വസ്തുക്കൾ അവർക്ക് ഉടമ നൽകുകയും ചെയ്യും. ഒരു മണിക്കൂറാണ് ഇവർക്ക് അനുവദിച്ചിരിക്കുന്ന സമയം. ഇതിനുള്ളിൽ മോഷണം നടത്തിയിരിക്കണം.
എന്നാൽ ഒരു നിബന്ധന മാത്രം മോഷണത്തിനു ശേഷം എങ്ങനെയാണ് അവർ സാധനം മോഷ്ടിച്ചതെന്ന് ഉടമയോട് വിശദീകരിച്ചു പറയണം. കാരണം മോഷണത്തിനുള്ള എല്ലാ സാധ്യതകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉടമ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
നാളുകളായി ഇവരുടെ സ്ഥാപനത്തിൽ നിന്നും മോഷ്ടാക്കൾ നിരവധി സാധനങ്ങൾ മോഷ്ടിച്ചിരുന്നു. ഇതിൽ മനം നൊന്താണ് ഉടമ ഈ തീരുമാനത്തിലെത്തുന്നത്. 2013ലാണ് ഇവർ സ്ഥാപനം ആരംഭിക്കുന്നത്. അന്നു മുതൽ എല്ലാ വർഷവും നല്ല തിരക്കുള്ള അവസരങ്ങളിൽ ഇവരുടെ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷണം പോകാറുണ്ടായിരുന്നു.
തിരക്കുള്ള സമയങ്ങളിൽ കടയിൽ വരുന്ന എല്ലാവരെയും ശ്രദ്ധിക്കുവാൻ സാധിക്കുവാൻ സാധിക്കാത്തതിനാൽ ഇവിടെയെത്തുന്ന മോഷ്ടാക്കൾ കാരണം ഇവർക്ക് നിരവധി പണം നഷ്ടമായിരുന്നു.
തന്റെ പുതിയ തീരുമാനം വലിയ രീതിയിൽ ഗുണമുണ്ടാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. അതിനായി മിടുക്കന്മാരായ മോഷ്ടാക്കളെ കാത്തിരിക്കുകയാണ് ഈ സ്ഥാപനത്തിന്റെ ഉടമ.