അമരവിള: നെയ്യാറ്റിൻകര താലൂക്കിൽ വീണ്ടും മോഷണ പരന്പര. അമരവിള താന്നിമൂട്ടിൽ ഇന്നലെ എട്ടു കടകളിലും ഒരു വീട്ടിലുമാണ് മോഷണം നടന്നത്. താന്നിവിളയിലെ സ്റ്റൈലെക്സ് സ്റ്റുഡിയോയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ നിക്കോണ് കാമറ മോഷണം പോയി. കൂടാതെ എസ്എസ് ബോക്കറി, ഷംന റസ്റ്റോറന്റ്, ഗോഗുൽ ട്രേഡേഴ്സ്, രാരികൃഷ്ണ റസ്റ്റോറന്റ്, സന്പത്ത് ഫൈനാൻസ്, ഗ്രീഷ്മ ടെക്സ്റ്റൈൽസ്, എന്നീ കടകളിൽ നിന്നും അമരവിള മദീന മൻസിലിൽ ഭാനുവിന്റെ വീട്ടിലുമാണ് മോഷണം നടന്നത്.
വിഎ ചൂരൽ പ്ലാസയിലും ആർപിഎൻ സ്റ്റേറിലും കള്ളൻ തട്ട് പൊളിച്ചെങ്കിലും 10 അടിയിൽ കൂടുതൽ ഉയരമുള്ളതിനാൽ താഴെ ഇറങ്ങിയില്ല. ഗ്രീഷ്മ ടെക്സ്റ്റൈൽസിൽ നിന്ന് എട്ടു സാരികളും ഷർട്ടുകളും മറ്റ് തുണിത്തരങ്ങളും നഷ്ടമായി.
മോഷണം നടന്ന ചിലയിടങ്ങളിൽ നിന്ന് 5000 ന് മുകളിൽ തുകകളും പോയിട്ടുണ്ട്. എന്നാൽ ഹോട്ടലുകളിൽ നിന്നും ബേക്കറിയിൽ നിന്നും 1000 ന് താഴെ തുകയേ നഷ്ടമായിട്ടുളളു.
സന്പത്ത് ഫിനാൻസിൽ ഉണ്ടായിരുന്ന കോയിൻ ബോക്സ് തകർത്ത് കോയിനുകൾ കൊണ്ടുപോയി കൂടാതെ കടയിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളും സ്വർണ ആണികളും നഷ്ടമായി. ഓടിട്ട കടകൾ തെരഞ്ഞുപിടിച്ചാണ് മോഷണം നടന്നത്. താന്നിമുട്ടിൽ ഇന്നലെ രാത്രി 12 മുതൽ പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നെങ്കിലും കള്ളൻ അതേ സമയം കടകളുടെ തട്ട് പൊളിച്ച് മോഷണം നടത്തുകയായിരുന്നു.
മോഷണത്തിനിടെ എസ് എസ് ബേക്കറിയുടെ സിസി ടിവി ക്യാമറയിൽ കള്ളന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ് പി ഹരികുമാർ സംഭവ സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. തുടർക്കഥയാവുന്ന മോഷണങ്ങളിൽ വ്യാപാരികളും ആശങ്കയിലാണ്.
മണികണ്ഠാ നീ എവിടെ…
അമരവിള : കളളൻ കൈയ്യെത്തും ദൂരത്ത് ഉണ്ടെങ്കിലും പിടിക്കാനാവാതെ കുഴയുകയാണ് പോലീസ്. കളളൻ ആര്യനാട് സ്വദേശിയായ മണികണ്ഠനാണെന്ന് തെളിഞ്ഞിട്ടും മോഷണ പരന്പര തുടരുന്നതിൽ പ്രതിരോധത്തിലായിരിക്കുകയാണ് പോലീസ് . നെയ്യാറ്റിൻകര സബ്ഡിവിഷനിലെ പോലീസ് മുഴുവൻ മണികണ്ഠന്റെ പുറകിലാണ്. മണികണ്ഠന് ആര്യങ്കോടിൽ മൂന്നും വിഴിഞ്ഞത്ത് രണ്ടും പോത്തൻകോട് ഒന്നു കേസുമാണുളളത് . ആര്യങ്കോടും വിഴിഞ്ഞത്തും മാലപൊട്ടിക്കലാണ് കേസുകൾ.
അവസാനമായി വിഴിത്താണ് മണികണ്ഠൻ പിടിയിലാവുന്നത് . കഴിഞ്ഞ ഡിസംബറിൽ ജയിൽ മോചിതനായ ഇയാൾ തീരദേശം കേന്ദ്രീകരിച്ചാണ് താമസിക്കുന്നതെന്നാണ് വിവരം . മോഷണം നടന്ന കടകളിൽ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതി ആര്യനാട് സ്വദേശി മണികണ്ഠനാണെന്ന് പോലീസ് സ്ഥിരീകരിച്ചത് . പ്രതിയെ പറ്റിയുളള വിവരം ലഭിക്കുന്നവർ ഉടൻ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും നെയ്യാറ്റിൻകര പോലീസ് അറിയിച്ചു.