കൊച്ചി: പട്ടാളക്കാരന്റെ വീട്ടില്‍ ക്ഷമാപണമെഴുതിവച്ച ശേഷം സ്ഥലം വിട്ട മോഷ്ടാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് മോഷണത്തിന് ശേഷം കള്ളന് ഭിത്തിയില്‍ കുറിപ്പ് എഴുതിവെച്ചത്.
വീട്ടില്‍നിന്നും സ്വര്‍ണവും പണവുമൊന്നും നഷ്ടമായിട്ടില്ല. വീടിനകത്ത് കയറാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാരയും വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
മോഷണശേഷമുളള കുറിപ്പ് പോലീസിനെ വഴിതെറ്റിക്കാനാണെന്നാണ് വിലയിരുത്തല്‍. സിസിടിവി ഉണ്ടായിരുന്നെങ്കിലും സംഭവസമയത്ത് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് കണ്ടെത്തിയത്. സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്.
എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു കള്ളൻ അകത്തുകയറിയത്. സമീപത്തെ ടയര്‍ കടയില്‍നിന്നും മോഷ്ടിച്ച ബാഗും രേഖകളും ഐസക് മാണിയുടെ വീട്ടില്‍ ഉപേക്ഷിച്ചാണ് കള്ളന് മടങ്ങിയത്. എന്നാല്‍ ബാഗിലുണ്ടായിരുന്ന 10,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.