പയ്യന്നൂര്‍: ദേശീയ പാതയില്‍ എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ന്ന സംഭവത്തില്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം സൂക്ഷ്മ പരിശോധനയില്‍. ഇതിലൂടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഞായറാഴ്ച പുലര്‍ച്ചെയോടെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടത്. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള നാല് ഭണ്ഡാരങ്ങളാണ് കവര്‍ന്നത് .
ക്ഷേത്ര കൗണ്ടറിനകത്തെ മേശവലിപ്പില്‍ നിന്നും രസീതുകളും ചില്ലറ നാണയങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.പതിനായിരം രൂപയോളം കവര്‍ച്ച ചെയ്തിരിക്കാമെന്ന ഭരണസമിതിയംഗം കെ.പി.വിനോദ്കുമാറിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
എസ് ഐ കെ. പി .ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് ക്ഷേത്രത്തിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.ഈ ദൃശ്യങ്ങള്‍ പോലീസ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്.മോഷ്ടാവ് ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
ഈ ക്ഷേത്രത്തില്‍ ഇതിന് മുമ്പ് നാല് തവണ ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തിരുന്നു.മൂന്നാഴ്ച് മുന്‍പ് കൊഴുമ്മലിലെ ക്ഷേത്രത്തിലെയും കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ വെള്ളൂര്‍ കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തിരുന്നു.