തൃശൂർ: പാലക്കാട്, മലപ്പുറം ജില്ലകളിലെ നൂറോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിവന്നിരുന്ന യുവാവിനെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാൾ സ്വദേശി കൊട്ടരപാട്ടിൽ വീട്ടിൽ പോത്തൻ വാവ എന്നറിയപ്പെടുന്ന സജീഷ്(35) ആണ് പിടിയിലായത്.
കഴിഞ്ഞ മാസം 17ന് രാത്രി തൃശൂർ മുണ്ടൂരിനടുത്തുള്ള മുണ്ടയൂർ മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്ത് പണവും മറ്റും മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് കുപ്രസിദ്ധ അന്പലമോഷ്ടാവ് പോത്തൻ വാവ കുടുങ്ങിയത്.
ഇരുപതാമത്തെ വയസിൽ തുടങ്ങിയതാണ് മോഷണം. ഇതുവരെ നൂറിലേറെ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കടകളിലും മറ്റും ചെറിയ ചെറിയ മോഷണങ്ങൾ നടത്തിയാണ് തുടക്കമിട്ടത്. പിന്നീട് വീടിനടുത്തുള്ള അന്പലങ്ങളുടെ ഭണ്ഡാരങ്ങളും, മറ്റും തകർത്ത് മോഷണങ്ങൾ തുടരുകയായിരുന്നു.
2008 ൽ തൃശൂർ കുന്നംകുളത്തിനടുത്ത് മോഷണം നടത്തുന്നതിനിടയിൽ അന്പലത്തിൽ കിടന്ന് ഉറങ്ങിപ്പോയതിനാൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. അങ്ങനെയാണ് ഇയാൾ ആദ്യമായി മോഷണത്തിന് പോലീസിന്റെ പിടിയിലാകുന്നത്. പിന്നീട് ജയിൽ ശിക്ഷക്കുശേഷം പുറത്തിറങ്ങിയ ഇയാൾ പിന്നീട് നിരവധി തവണ സമാന കേസുകളിൽ പെട്ട് സംസ്ഥാനത്തെ നിരവധി ജയിലുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
2014 ൽ നിരവധി മോഷണകേസുകളിൽ ജയിലിൽ പോയതിനുശേഷം ഈ വർഷമാണ് ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങുന്നത്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് ജയിലിൽനിന്ന് ഇറങ്ങിയശേഷവും തൃശൂർ, മലപ്പുറം ജില്ലകളിലായി ഏകദേശം മുപ്പത്തിമൂന്നോളം ക്ഷേത്രങ്ങളിൽ കവർച്ചയും, നിരവധി ബൈക്കുകൾ മോഷണം നടത്തിയിട്ടുള്ളതായും ഇയാൾ പോലീസിനോട് പറഞ്ഞു.