പയ്യന്നൂര്‍: പയ്യന്നൂരിലെ ക്ഷേത്ര മോഷണക്കേസിലെ പ്രതികള്‍ക്കായി വിരിച്ച വലയില്‍ തിമിംഗലങ്ങളെ കുടുക്കിയതിന്റെ ചാരിതാര്‍ഥ്യത്തില്‍ കഴിയുന്ന പയ്യന്നൂര്‍ പോലീസിന് ഇനിയും അഭിമാനിക്കാനേറെ. കുപ്രസിദ്ധ മോഷ്ടാക്കളെ പിടികൂടിയതിലൂടെ പോലീസ് തടയിട്ടത് പയ്യന്നൂരില്‍ നടത്താന്‍ ആസൂത്രണം ചെയ്ത വന്‍ ജ്വല്ലറി കവര്‍ച്ച. ഇന്നലെ രാത്രിയിലെ ചോദ്യം ചെയ്യലിലാണ് പോലീസിനേയും ഞെട്ടിച്ചുകൊണ്ടുള്ള പ്രതികളുടെ വെളിപ്പെടുത്തല്‍.
അന്‍പതോളം മോഷണക്കേസുകളിലെ പ്രതികളായ തിരുവല്ല ആഞ്ഞിലിത്താനം പരത്തിക്കാട്ട് മണ്ണില്‍ സന്ധ്യാഭവനത്തില്‍ സന്തോഷ് കുമാര്‍ (49) എന്ന ഹസന് സന്തോഷും ചെങ്ങന്നൂര്‍ തൃപ്പനംതുറയിലെ തുമ്പിനാത്ത് ഹൗസില്‍ തീപ്പൊരി പ്രസാദു(52) മാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇരുവരും ദിവസങ്ങള്‍ക്കുള്ളിലാണ് പയ്യന്നൂര്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയതെന്ന പ്രത്യേകതയുമുണ്ട്.
ഇന്നലെ രാത്രിയില്‍ ചോദ്യം ചെയ്തപ്പോഴുള്ള പ്രതികളുടെ കുറ്റസമ്മതത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; ലിയൂര്‍ ബീവറേജിന്റെ ഔട്ട്ലെറ്റില് സെക്യൂരിറ്റിക്കാരനെ കെട്ടിയിട്ട് മദ്യവും പണവും കവര്‍ന്ന സംഭവത്തില്‍ പോലീസ് പിടികൂടുമെന്നുറപ്പായപ്പോള്‍ തിരുവനന്തപുരം കന്യാകുളങ്ങരയിലെത്തി.അവിടെനിന്നും ഇവർ എത്തിയത് പയ്യന്നൂരിലാണ്. ചീമേനിയിലുള്ള പഴയകാല സുഹൃത്തിനെ അന്വേഷിച്ച് ചെന്നെങ്കിലും കണ്ടുകിട്ടിയില്ല.
തിരിച്ച് വരുമ്പോഴാണ് പയ്യന്നൂരിലെ മഠത്തുംപടി ക്ഷേത്രത്തില്‍ കയറി മോഷണം നടത്തിയത്. നിരവധി ജ്വല്ലറി മോഷണ കേസുകളിലെ പ്രതികള്‍ കൂടിയായ ഇവര്‍ ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ ചുറ്റിക്കറങ്ങി ചില ജ്വല്ലറികള്‍ നോക്കിവെച്ചു. ഇന്നലെ രാത്രി ജ്വല്ലറിയില്‍ കവര്‍ച്ച നടത്താനും പദ്ധതിയിട്ടു.
ഇതിനു ശേഷമാണ് ഹസന് സന്തോഷ് മദ്യം വാങ്ങാനായി ബീവറേജിലേക്കും കൃത്യ നിര്‍വഹണത്തിന് ശേഷം രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടി തീപ്പൊരി പ്രസാദ് റെയില്‍വേ സ്റ്റേഷനിലുമെത്തിയത്. പക്ഷേ പോലീസിന്റെ മിന്നല്‍വേഗത്തിലുള്ള നീക്കം പതിറ്റാണ്ടുകളുടെ മോഷണ പാരമ്പര്യമുള്ള ഇവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.
മുപ്പത് വര്‍ഷത്തിനിടയില്‍ പല പ്രാവശ്യങ്ങളിലായി ജയില്‍വാസമനുഭവിച്ച ഹസന് സന്തോഷും തീപ്പൊരി പ്രസാദും തമ്മിലുള്ള കൂട്ടുകെട്ടില്‍ അന്‍പതോളം കവര്‍ച്ചകളാണ് പലയിടങ്ങളിലുമായി അരങ്ങേറിയത്. ഇന്നലെ പയ്യന്നൂര്‍ പോലീസിന്റെ വലയില്‍ ഇവര്‍ കുരുങ്ങിയില്ലായിരുന്നുവെങ്കില്‍ ഇന്ന് നേരം പുലരുന്നത് പയ്യന്നൂരിനെ ഞെട്ടിക്കുന്ന വന്‍ കവര്‍ച്ചയുടെ വാര്ത്തയുമായിട്ടാകുമായിരുന്നു.