പണം വാങ്ങുമ്പോഴെല്ലാം തിരിച്ചുതരാൻ അവധി ചോദിക്കുകയും ഉന്നതരുമായുള്ള ബന്ധം വ്യക്തമാക്കും വിധത്തില്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു മോന്‍സന്റെ പ്രധാന തന്ത്രം.
പണം നല്‍കിയവര്‍ക്ക് ബിഎംഡബ്ല്യു-7 സീരീസ്, പോര്‍ഷേ അടക്കമുള്ള മൂന്നു വാഹനങ്ങളും 75 കോടി വില മതിക്കുമെന്നു പറഞ്ഞു വ്യാജ കല്ലും മോതിരങ്ങളും വാച്ചും നല്‍കിയിരുന്നു.
കോടികള്‍ വായ്പയായി നല്കിയപ്പോഴുള്ള ഉടമ്പടി കരാര്‍ അവസാനിച്ചതോടെ പണത്തിനായി വായ്പ നല്കിയ ആറു പേരും മോന്‍സനെ ബന്ധപ്പെട്ടു.
തുടര്‍ന്നായിരുന്നു അതുവരെ പറഞ്ഞ കഥകള്‍ക്കപ്പുറത്തെ അധോലോക ബന്ധംകൂടി വെളിപ്പെടുത്തിയത്.
ദാവൂദിന്റെ ആൾ
ദാവൂദിന്റെ ആളാണ് താനെന്നായിരുന്നു മോന്‍സന്റെ വെളിപ്പെടുത്തല്‍. കൂടാതെ മുംബൈയില്‍ നിരവധി സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ടെന്നും മോന്സന് തട്ടിവിട്ടു.
ഒരാളെ വെടിവച്ചു കൊന്നു മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടെന്നതടക്കമുള്ള കഥകളും മോന്സന് പറഞ്ഞു.
ഗുണ്ടാ സംഘട്ടനത്തില്‍ വെടികൊണ്ടതിന്റെ പരിക്കുകളും മോന്സന് വായ്പനല്കിയവര്ക്കു മുന്നില്‍ തുറന്നുകാട്ടി. ഇതിനു പുറമേ കിടക്ക മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു തോക്കുകളും മോന്സന് കാണിച്ചിരുന്നു.
അനിത പറഞ്ഞത്
ലോക കേരളസഭ അംഗമായിരുന്ന അനിത പുല്ലയിലാണ് മോന്സന് തട്ടിപ്പുകാരനാണെന്ന വിവരം വായ്പ നല്‍കിയവരെ അറിയിക്കുന്നത്.
മോന്സന് പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നും തട്ടിപ്പുകാരനാണെന്നറിഞ്ഞാണ് താന്‍ സൗഹൃദം അവസാനിപ്പിച്ചതെന്നും അനിത ഇവരോടു പറഞ്ഞു.
പരാതി നല്കിയാല് അധികാരികള്‍ സമക്ഷം തെളിവുകള്‍ സഹിതം നല്‍കാമെന്നും അനിത അറിയിച്ചു.
ഫെമ കഥ
കൂടാതെ മോന്‍സന്റെ കൂടെ പത്തു വര്‍ഷം ജോലി ചെയ്തിരുന്ന അജി നെട്ടൂരും വായ്പ നല്‍കിയവരെ ബന്ധപ്പെട്ടു.
ഡല്‍ഹിയിലെ ‘ഫെമ’കഥ വ്യാജമാണെന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ മോന്‍സന്റെ കൈവശമുള്ള 70 ശതമാനം വസ്തുക്കളും എറണാകുളത്തുള്ള സന്തോഷ് എന്നയാളില്‍നിന്നു തുച്ഛമായ വിലയ്ക്കു വാങ്ങിയതാണെന്നും പലതും ഒറിജിനലല്ലെന്നും അജി അറിയിച്ചു.
തുടര്‍ന്ന് സന്തോഷുമായി ബന്ധപ്പെട്ടപ്പോള്‍ അജി പറഞ്ഞതെല്ലാം യാഥാര്‍ഥ്യമാണെന്നു വ്യക്തമായി. കൂടാതെ ആഡംബര കാറുകള്‍ ബംഗളൂരുവിലെ ത്യാഗരാജന് എന്നയാളില്‍നിന്നാണ് വാങ്ങിയതെന്നും ഉറപ്പുവരുത്തി.
ഇതു പലതും കേടു സംഭവിച്ചവ കുറഞ്ഞ വിലയ്ക്കു വാങ്ങിയതാണെന്നും മനസിലായി. ഇതോടെയാണ് വസ്തുതകള്‍ എല്ലാം വ്യക്തമാക്കി മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
ഈ പരാതിയിലാണ് മോന്‍സനെ പോലീസ് അറസ്റ്റ് ചെയ്തത്.
അവസാനിച്ചു…