
ഇരിട്ടി: ഡെങ്കിപ്പനി പടര്‍ന്ന അയ്യന്‍കുന്നില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകള്‍തോറും കണ്ടെയ്നറുകള്‍ സ്ഥാപിച്ചു കൊതുക് നശീകരണത്തിനുള്ള പുതിയ പരീക്ഷണവുമായി ആരോഗ്യവകുപ്പ്.
കൊതുക് വളരുന്നതിനുള്ള സാഹചര്യം പ്രത്യേകമായി സൃഷ്ടിച്ച് ഏഴുദിവസം കൂടുമ്പോള്‍ ഇവയെ നശിപ്പിക്കുന്ന പരീക്ഷണമാണു കേരളത്തില്‍ ആദ്യമായി നടപ്പാക്കുന്നത്.
ഇതിലൂടെ കൊതുകുകളുടെ ഇനവും സാന്ദ്രതയും കണ്ടെത്താനാകുമെന്നതിനാല്‍ ഗവേഷണത്തിനും ഉപകരിക്കും. അയ്യൻകുന്നിലെ ഉരുപ്പുംകുറ്റി, ഈന്തുംകരി എന്നീ പ്രദേശങ്ങളിലാണു കൂടുതലായും ഡെങ്കിപ്പനി കേസുകള്‍ കണ്ടെത്തിയത്.
കൊതുക് വളരാനുള്ള സാഹചര്യം ഇല്ലെങ്കിലും പ്രദേശത്ത് രോഗവ്യാപനവും കൊതുക് സാന്ദ്രതയും കണ്ടെത്തി. വിശദപരിശോധനയില്‍ ഈ പ്രദേശത്തുകൂടി ഒഴുകുന്ന കുണ്ടൂര്‍പ്പുഴ കേന്ദ്രീകരിച്ചാണു കൊതുകുകള്‍ മുട്ടയിട്ടു വ്യാപനം ഉണ്ടാകുന്നതെന്നും കണ്ടെത്തി.
പുഴയില്‍ കുടിവെള്ളം മലിനപ്പെടുത്തിയുള്ള പരീക്ഷണം സാധ്യമല്ലാത്തതിനാലാണ് 120 വീടുകളില്‍ കണ്ടെയ്നര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒരു പാത്രത്തില്‍ കാബേജിന്റെ അവശിഷ്ടമോ അടയ്ക്കാത്തൊലിയോ ഇട്ടുവയ്ക്കും. ഇവ കൊതുക് ലാര്വകള്ക്കുള്ള ഭക്ഷണമായി മാറുമ്പോള്‍ കൊതുകുകള്‍ മുട്ടയിടും.
ഏഴുദിവസം കൊണ്ട് മുട്ടകൾ വിരിഞ്ഞ് കൂത്താടികളായി മാറും. ഈ സമയത്ത് ആരോഗ്യവകുപ്പ് സംഘമെത്തി നശിപ്പിക്കും.
പരീക്ഷണപ്രവര്ത്തനങ്ങള്ക്ക് മെഡിക്കല്‍ ഓഫീസര്‍ ജെയ്മി തോമസ്, ജെഎച്ച്ഐമാരായ പി.പി. സന്തോഷ്കുമാര്‍, അരുണ്‍ ദേവ്, എസ്.സി.അരുണ്‍, പി.എസ്.ഷാനിമോള്‍, ജെപിഎച്ച്എന്‍മാരായ കെ. രമ, വി.ജെ. ഉഷ, സിന്ധു എന്‍. നാരായണന്, പി. ബിന്ദു, ആശാവര്‍ക്കര്‍മാരായ ഉഷ തങ്കച്ചന്, ടി.എസ്. സലീല, സിന്ധു പ്രസാദ്, ഷെല്‍ബി ഈപ്പച്ചന്, കെ.സി. ലിസമ്മ, ലൂസി ജോസ് എന്നിവര്‍ നേതൃത്വം നല്കി. മേഖലയില്‍ ഇതുവരെ 28 പേര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.