ചിക്കുൻഗുനിയ, സിക്ക, ഡെങ്കിപ്പനി – ഈ മൂന്നു രോഗങ്ങളും പരത്തുന്നത് ഈഡിസ് ഈജിപ്തി എന്ന കൊതുക് ഇനമാണ്.
1. ചിക്കുൻഗുനിയയുടെ ലക്ഷണങ്ങളും അടയാളങ്ങളും?
രോഗവാഹിയായ കൊതുകിന്റെ കടിയേറ്റ ശേഷം ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. പനി, തലവേദന, പേശീവേദന, തടിപ്പ്, ശക്തമായ സന്ധിവേദന എന്നിവയാണു ലക്ഷണങ്ങൾ. പെട്ടെന്നു കാണപ്പെടുന്ന തീവ്രമായ ഈയവസ്ഥ ഏഴുമുതൽ പത്തുദിവസം വരെ നീണ്ടുനിൽക്കാം.
അതിനുശേഷം ഭൂരിഭാഗം പേരിലും അവസ്ഥ മെച്ചപ്പെടും. രോഗത്തിന്റെ തീവ്രഘട്ടത്തിൽ എല്ലാ രോഗികൾക്കും സന്ധിവേദനയുണ്ടാകും. ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള അനുരൂപമായ ചെറുതും വലുതുമായ സന്ധികളെയാണ് ബാധിക്കുന്നത്.
80 ശതമാനത്തോളം രോഗികളിലും ശരീരത്തിലെ പേശികളെയും ശരീരഭാഗങ്ങളെയും അവയവങ്ങളെയും അസ്ഥികളെയും ബാധിക്കുകയും ഇത് മൂന്നുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യാവുന്നതാണ്.
2. ചിക്കുൻഗുനിയ വിട്ടുമാറാത്ത സന്ധിവാതത്തിന് കാരണമാകുന്നുണ്ടോ?
ഗുരുതരമായ ചിക്കുൻഗുനിയ ആമവാതത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. സന്ധികളിലെ വേദന ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും. വളരെ കുറച്ചുപേരിൽ (അഞ്ചുമുതൽ പത്തുശതമാനംവരെ) രണ്ടുവർഷംവരെ നീണ്ടുനിൽക്കാം.
3. ഗുരുതരമായ ചിക്കുൻഗുനിയയുമായി ബന്ധപ്പെട്ട സന്ധിവേദനകൾക്കുള്ള ചികിത്സകൾ ?
വിശ്രമം, ജലപാനം, വേദനയും പനിയും കുറയ്ക്കാനുള്ള മരുന്നുകൾ എന്നിവയാണ് അണുബാധയേറ്റവർക്കുള്ള ചികിത്സ. ചിക്കുൻഗുനിയയ്ക്കായി വാക്സിനുകൾ ലഭ്യമല്ല. ഗുരുതരമായ ആർത്രൈറ്റിസ് രോഗികൾക്ക് ഹൈഡ്രോക്ലോറോക്വിൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കാം.
4. സിക്ക വൈറസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
പനി, തൊലിപ്പുറമേയുള്ള തടിപ്പ്, വാതം, പേശികളിൽ വേദന, കണ്ണുകളിൽ ചുവപ്പും നീരും വേദനയും തുടങ്ങിയവയാണ് സിക്ക വൈറസിന്റെ ലക്ഷണങ്ങൾ.
സിക്ക വൈറസ് ബാധിച്ച കൊതുക് കടിച്ച ശേഷം ലക്ഷണങ്ങൾ പലപ്പോഴും വളരെ സൗമ്യമായിരിക്കുകയും ദിവസങ്ങളും ആഴ്ചകളും നീണ്ടുനിൽക്കുകയും ചെയ്യും. രോഗബാധയുണ്ടായാൽ പിന്നീടു മറ്റു രോഗങ്ങൾ പിടിപെടാതിരിക്കാൻ മുൻകരുതലെടുക്കണം.
5. സിക്ക വൈറസിനെക്കുറിച്ചുള്ള പ്രധാന ആശങ്കകൾ?
ഗർഭിണികളിൽ സിക്ക വൈറസ് ബാധയുണ്ടായാൽ ജനിക്കുന്ന കുട്ടികളുടെ തല വളരെ ചെറുതായിരിക്കും (മൈക്രോസിഫാലി). ഗർഭിണികളിൽ ആദ്യത്തെ മൂന്നുമാസമാണ് ഏറ്റവും അപകടസാധ്യതയുള്ളത്.
അടുത്ത മൂന്നുമാസവും അപകടസാധ്യതയുണ്ട്. മൈക്രോസിഫാലി മൂലം ഗർഭം അലസിപ്പോകുന്നതും ഭ്രൂണത്തിന് ജീവൻ നഷ്ടപ്പെടുന്നതും കണ്ടിട്ടുണ്ട്. ഇന്നുവരെ സിക്ക വൈറസ് മൂലം ദീർഘകാലം നീണ്ടുനിൽക്കുന്ന സന്ധിവേദനയുണ്ടാകുന്നതായി കണ്ടിട്ടില്ല.
6. ഡെങ്കി ബാധിച്ചവരിലെ സന്ധിവേദനയെക്കുറിച്ച് ?
ഡെങ്കിപ്പനി പേശികൾ, സ്നായുക്കൾ, സന്ധികൾ, എല്ലുകൾ എന്നിവയെ ബാധിക്കാം. പനി, തലവേദന, കൈവെള്ളയും കാൽവെള്ളയും ഒഴികെയുള്ള ഭാഗങ്ങളിൽ ചെറുതായി ചൊറിഞ്ഞുതടിക്കുക എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ.
വൈറസ് ബാധയേറ്റ് നാലുമുതൽഏഴുദിവസത്തിനു ശേഷം രോഗത്തിൽനിന്നു മുക്തി നേടിയശേഷവുമാണ് ഇവ കാണപ്പെടുക. ഡെങ്കിയിൽ വാതലക്ഷണങ്ങൾ അധികരിക്കുന്നതായി
റിപ്പോർട്ടുകളുണ്ട്.
7. കൊതുകുകടി മൂലമുള്ള വാതരോഗങ്ങൾ എങ്ങനെ ഒഴിവാക്കാം?
കൊതുകുകടിയേൽക്കാതെ സൂക്ഷിക്കുക എന്നതാണ് ചിക്കുൻഗുനിയ ഒഴിവാക്കാനുള്ള ലളിതമായ മാർഗം. കൊതുകുകൾ വളരാൻ സാധ്യതയുള്ള വെള്ളക്കെട്ടുകൾ ഇല്ലാതാക്കുക, കൊതുക് കടിക്കുന്നത് ഒഴിവാക്കുന്ന രീതിയിൽ പകൽസമയങ്ങളിൽശരീരഭാഗങ്ങൾ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകിനെ അകറ്റിനിർത്തുന്നതിനുള്ള വസ്തുക്കൾ, കൊതുകുതിരി, കൊതുകുവല എന്നിവ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധമാർഗങ്ങൾ.
രോഗമുള്ളവർ കൊതുകുവല, കൊതുകുതിരി എന്നിവ ഉപയോഗിക്കുന്നത് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ സഹായിക്കും.