ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകൾ ശുദ്ധജലത്തിൽ ആണ് വളരുന്നത്. ടെറസിലും പ്ലാസ്റ്റിക് കപ്പുകളിലും പാത്രങ്ങളിലും കരിക്കിൻ തൊണ്ട്, ചിരട്ട, കുപ്പിയുടെ അടപ്പുകൾ, പൊട്ടിയ കുപ്പി കഷണങ്ങൾ, ടയറുകൾ, മുട്ടത്തോട് എന്നിവയിലും റോഡിലും പാടത്തും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.
കൊതുകിന് മുട്ട ഇടാനും വളരാനും വാഴക്കയ്യ്, പൈനാപ്പിൾ, പലതരം ചെടികളുടെ ഇലകൾ വരുന്ന കക്ഷഭാഗത്ത് കെട്ടിനിൽക്കുന്ന അത്രയും വെള്ളം പോലും ധാരാളമാണ്. എവിടെ ഒഴുകാത്ത വെള്ളമുണ്ടോ അവിടെ കൊതുക് വളരും.
കെട്ടിനിൽക്കുന്ന വെള്ളത്തിൽ
ഒരാഴ്ചയോളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ പ്രത്യേകിച്ചും. ഇടയ്ക്കിടെയുള്ള മഴയാണ് കൊതുകിന്റെ സാന്ദ്രത വർധിക്കാൻ കാരണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, എയർകണ്ടീഷൻ വിന്റ് എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആൾ പാർപ്പില്ലാത്ത വീടുകളിൽ ടെറസ്, ജലസംഭരണികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൊതുകിനെ തുരത്താൻ
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുകയില കഷായം, സോപ്പുലായനി , വേപ്പെണ്ണ ഇവ 5:3:1 എന്ന അനുപാതത്തിൽ നന്നായി യോജിപ്പിച്ച് ഒഴിക്കുക.
* കടുക് ,മഞ്ഞൾ, കുന്തിരിക്കം, വെളുത്തുള്ളി എന്നിവ വേപ്പെണ്ണയിൽ കുഴച്ച് പുകയ്ക്കാൻ ഉപയോഗിക്കുക.
* തുളസിയോ തുമ്പയോ അല്പം ചതച്ച് വീടിനു സമീപം തൂക്കിയിടുക.
* പുൽത്തൈലം, യൂക്കാലിപ്റ്റസ് ഓയിൽ, കർപ്പൂര തൈലം തുടങ്ങിയവ കൊതുക് വന്നിരിക്കാൻ സാധ്യതയുള്ള പ്രതലങ്ങളിൽ തുടയ്ക്കുന്നതിന് ഉപയോഗിക്കുക.
* കൊതുകു ബാറ്റ് ഉപയോഗിക്കുക.
* കൊതുകുതിരി , ആധുനിക ലേപനങ്ങൾ എന്നിവ പരമാവധി കുറച്ച് പ്രകൃതിദത്ത മാർഗങ്ങൾ അവലംബിക്കുക.
അപരാജിത ധൂമ ചൂർണം
ഡെങ്കി പകരുന്നതിന് കൊതുകിന്റെ സാന്ദ്രത ഒരു പ്രധാന ഘടകമാണ്. കൊതുകിന്റെ സാന്ദ്രത കുറയ്ക്കാൻ ഉപയോഗിക്കാവുന്ന പുകയ്ക്കുന്ന അപരാജിത ധൂമ ചൂർണ്ണം എന്ന മരുന്ന് എല്ലാ പഞ്ചായത്തിലുമുള്ള സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും.
പ്രശ്നബാധിത പ്രദേശങ്ങളിലും ജനസാന്ദ്രതയുള്ള ഇടങ്ങളിലുമുള്ള എല്ലാ വീടുകളിലും ഒരേസമയം പുകയ്ക്കുക. (തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481